മണ്ണാര്‍ക്കാട്:ജലസേചനവകുപ്പിന്റെ പൈപ്പില്‍ തട്ടി കോഴിക്കോട്–പാലക്കാട് ദേശീയപാത (966) നാട്ടുകല്‍ മുതല്‍ താണാവ് വരെ വീതിക്കൂട്ടല്‍ ജോലി ആരംഭിക്കുന്നത് വൈകുന്നു.
പൈപ്പ് ലൈനുകളും ജലസംഭരണികളും മാറ്റി സ്ഥാപിക്കാത്തതാണ് പ്രധാന തടസം. ഇവ മാറ്റി സ്ഥാപിക്കാതെ റോഡ് വീതി കൂട്ടുന്നത് സാധ്യമല്ലെന്നാണ് ദേശീയ പാത അധികൃതരുടെ നിലപാട്. മണ്ണാര്‍ക്കാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ നിലവിലെ റോഡിനടിയിലൂടെയാണ് പോകുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പൈപ്പ് ലൈന്‍ പൊട്ടലും റോഡ് തകരലും ഇപ്പോള്‍ തന്നെ പതിവാണ്. റോഡ് വീതി കൂട്ടുന്നതോടെ നിലവിലെ പൈപ്പ് ലൈന്‍ റോഡിന്റെ മധ്യത്തിലാവും.
ഇത് കൂടുതല്‍ പൈപ്പ് പൊട്ടലിനും റോഡ് തകര്‍ച്ചയ്ക്കും ഇടയാക്കും. നിലവില്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് കോടി രൂപ ദേശീയപാത വിഭാഗം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കുമരംപുത്തൂര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള ഭാഗങ്ങളിലെ പൈപ്പ് ലൈനുകളും ജലസംഭരണികളും മറ്റാന്‍ 15 കോടി രൂപ വേണമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്.
ഈ തുക അനുവദിച്ചു കിട്ടാതെ പൈപ്പ് ലൈന്‍ മാറ്റുന്ന ജോലിക്ക് വാട്ടര്‍ അതോറിറ്റി തയ്യാറല്ല. പുതുക്കിയ എസ്റ്റിമേറ്റ് ദേശീയപാത വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വേഗത്തിലാക്കാന്‍ ജനപ്രതിനിധികളുടെയും മറ്റും ഇടപെടല്‍ വേണം. 206.26 കോടി രൂപ അടങ്കല്‍ നിശ്ചയിച്ച് 173.51 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 2019 ഏപ്രില്‍ 10നകം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
രണ്ടാം ഘട്ടമായി താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെ വീതി കൂട്ടലും മൂന്നാം ഘട്ടമായി കുമരംപുത്തൂരില്‍ നിന്ന് ചൂരിയോട്ടിലേക്ക് ബൈപ്പാസ് നിര്‍മ്മാണവുമാണ് നടത്തുക. ആദ്യഘട്ടത്തിന്റെ സര്‍വെ ജോലികള്‍ അന്തിമഘട്ടത്തിലെത്തി കഴിഞ്ഞതായി ദേശീയപാത വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: