മണ്ണാര്‍ക്കാട്:ഭാരതഭൂപടത്തില്‍ ജമ്മുകാശ്മീരിനെ വികലമായി ചിത്രീകരിച്ച എഐഎസ്എഫ്-എഐവൈഎഫുകാര്ക്കെതിരെ പോലീസ് കേസെടുത്തു. ദേശിയ ആദരവിനെ അപമാനിച്ചതിനാണ് വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. ജൂലൈ 15 മുതല്‍ സപ്തംബര്‍ 12 വരെ നടക്കുന്ന സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ ലോങ്ങ് മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളിലാണ് കാശ്മീരിന്റെ ഒരു ഭാഗം വികൃതമായി ചിത്രീകരിച്ചത്. കഴിഞ്ഞമാസം 19നാണ് മാര്‍ച്ചിന് പാലക്കാട് സ്വീകരണം നല്‍കിയത.് കാനം രാജേന്ദ്രനും,കനയ്യകുമാറും പങ്കെടുത്ത പരിപാടിയുടെ ഭാഗമായാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
മണ്ണാര്‍ക്കാട് നൊട്ടമല ഭാഗങ്ങളിലും, കഞ്ഞിരം പൊറ്റശ്ശേരി തുടങ്ങിയ ജംഗ്ഷനുകളിലും ഇത്തരം ബോര്‍ഡുകള്‍ സിപിഐ കോങ്ങാട് മണ്ഡലം കമ്മറ്റിയുടെ പേരില്‍ വെച്ചിട്ടുള്ളതായി ബിജെപി കോങ്ങാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് രവി അടിയത്ത് പറഞ്ഞു. ഇത് ചൂണ്ടിക്കാണിച്ച് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഫ്ളക്സ് വെച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്ന് സിഐ ഹിദായത്തുള്ള മമ്പ്രയും, എസ്ഐ ഷിജു എബ്രഹാമും പറഞ്ഞു.
മണ്ണാര്‍ക്കാട് നൊട്ടമലയില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് പോലീസ് എടുത്തു മാറ്റുകയും, കാഞ്ഞിരം, പൊറ്റശ്ശേരി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ എടുത്ത് മാറ്റുകയും ചെയ്തു. ഭാരതഭൂപടത്തില്‍ ജമ്മുകാശ്മീരിനെ വികലമായി ചിത്രീകരിച്ച ഫ്ളക്സ് സ്ഥാപിച്ചവര്‍ക്കെതിരെ പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയകളിലും വന്‍ പ്രതിഷേധമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: