കേരളത്തേയും തമിഴ്നാടിനേയും അതിരിടുന്ന ജലപാതങ്ങള്‍, പലതും കാനനഭംഗിയുടെ ദൃശ്യവിരുന്നൊരുക്കുന്നവ. ഇത് കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ ആര്യങ്കാവിലും, അച്ചന്‍കോവില്‍ വനമേഖലയിലുമായി വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നു. അതുപോലെ തൊട്ടടുത്തായുള്ള ചെങ്കോട്ടയില്‍ കുറ്റാലവും, ഐന്തരുവിയും, ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടവും അച്ചന്‍കോവിലിലെ കുംഭാവുരുട്ടിയുമാണ് ജലപാതങ്ങളുടെ സൗരഭ്യവും കാനന സൗന്ദര്യവും ഒരേപോലെ സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നത്.
ജലപാതങ്ങള്‍ക്ക് സമീപമായി പുണ്യപുരാതന ക്ഷേത്രസങ്കേതങ്ങള്‍ കൂടിയാകുമ്പോള്‍ ഇവിടെ മുങ്ങിനിവരാന്‍ എത്തുന്നവര്‍ക്ക് പുണ്യസ്നാനങ്ങളില്‍ എത്തിയ നിര്‍വൃതിയാണ്. സമീപ പ്രദേശങ്ങളിലെ ദൃശ്യചാരുതയും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. വെയില് മൂടിയ കാനന ഭംഗി, കുത്തനെ വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യം, കിളികളുടെ സംഗീതം, കുളിര്‍മ്മയുള്ള മന്ദമാരുതന്റെ തലോടല്‍ ഇങ്ങനെ നീളുന്നു ഇവിടുത്തെ ജലപാതങ്ങളുടെ പ്രത്യേകത.
പച്ച പുതച്ച മലനിരകളില്‍ നിന്നെത്തുന്ന ഈ ജലപാതങ്ങള്‍ വിനോദത്തിനൊപ്പം ചികിത്സാ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുന്നു. ഔഷധസസ്യങ്ങളെ തട്ടിത്തലോടി ഒഴുകുന്ന ജലപാതങ്ങളിലെ സ്നാനം ഏറെ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് എന്നും ആരോഗ്യവിദഗ്ധര്‍ തന്നെ സമ്മതിക്കുന്നു. മഴ ശക്തമായതോടെ നീരൊഴുക്കും ശക്തം. ഇനിയുള്ള രണ്ട് മാസക്കാലം ഈ ജലപാതങ്ങളില്‍ അത്ഭുതപൂര്‍വ്വമായ തിരക്കായിരിക്കും.
പാലരുവി വെള്ളച്ചാട്ടം
സഹ്യാദ്രി സാനുക്കളെ തഴുകിയൊഴുകുന്ന പാലരുവി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് അപൂര്‍വ്വദൃശ്യവിരുന്നൊരുക്കുന്നു. പശ്ചിമഘട്ടത്തിലെ രാജാക്കൂപ്പ്, കരിനാല്‍പത്തിയേഴ്, മഞ്ഞത്തേരി, വിളക്കുമരം എന്നീ നിബിഡ വനമേഖലകളില്‍ നിന്നും ഉത്ഭവിക്കുന്ന നിരവധി കാട്ടുചോലകള്‍ പല വഴികളിലൂടെ സംഗമിച്ച് വന്‍പാറക്കെട്ടിന് മുകളില്‍ നിന്ന് 250 അടി താഴേയ്ക്ക് പതിക്കുന്നു. ഔഷധമൂല്യമുള്ള അപൂര്‍വ്വ സസ്യജാലങ്ങളെ തൊട്ടുതലോടി ഒഴുകിയെത്തുന്ന പാലരുവിയിലെ ജലം കുളിര്‍മയും സുഗന്ധവും നല്കുന്നു. പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞൊഴുകുന്ന ജലധാരയ്ക്ക് പാലിന്റെ വെണ്‍മയുള്ളതിനാല്‍ ‘പാലരുവി’ യെന്ന പേര് കൈവന്നു എന്നും പറയപ്പെടുന്നു. പ്രകൃതിയുടെ വന്യശോഭയും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയാണ് ഇവിടെ സമ്മാനിക്കുന്നത്. വേട്ടയ്ക്ക് എത്തിയിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര് കുളി കഴിഞ്ഞ് വിശ്രമിച്ചിരുന്നത് പാലരുവിയുടെ തീരത്താണ്.
തിരുവനന്തപുരത്തുനിന്നും 80 കിലോമീറ്റര്‍ കുതിരസവാരി നടത്തിയാണ് രാജാവും പരിവാരങ്ങളും ഇവിടെയെത്തിയിരുന്നത്. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് നിര്‍മ്മിച്ച കല്‍മണ്ഡപം ഇപ്പോഴും ഇവിടെയുണ്ട്. ഈ കല്മണ്ഡപത്തില് നിന്ന് നോക്കിയാല്‍ വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം ഏറെ അടുത്തുനിന്ന് കാണാന്‍ കഴിയും. കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ ആര്യങ്കാവ് ജങ്ഷനില്‍ നിന്നും വനമദ്ധ്യത്തിലൂടെ നാലുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മനോഹരമായ ഈ വെള്ളച്ചാട്ടത്തില്‍ എത്താം. ഈ ജലപാതത്തിന് സമീപമായി പ്രസിദ്ധമായ ആര്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
കുംഭാവുരുട്ടി വെള്ളച്ചാട്ടം
കേരളത്തേയും തമിഴ്നാടിനേയും വേര്‍തിരിക്കുന്ന തൂവല്‍മലയുടെ ഉയരങ്ങളില്‍ നിന്നുല്‍ഭവിച്ചെത്തുന്ന ജലധാര 65 അടി താഴ്ച്ചയില്‍ പതിച്ച് കുളത്തില്‍ നിറഞ്ഞശേഷം വീണ്ടും 20 അടി താഴ്ച്ചയിലേയ്ക്ക് പതിക്കുന്നു എന്ന പ്രത്യേകതയാണ് ഇവിടെയുള്ളത്. പ്രകൃതിയൊരുക്കിയ ഈ സ്വിമ്മിംങ് പൂളില്‍ മുങ്ങിനിവരുവാന്‍ ഏറെ ആളുകളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. ചരിവുള്ള പാറക്കെട്ടുകളില്‍ പടി കൊത്തിയിട്ടുള്ളതിനാല്‍ ഈ കുളത്തിന് സമീപം നടന്നുകയറുവാനും കഴിയും. സാഹസികപ്രിയര്‍ക്ക് ഈ കുളത്തില്‍ ചാടിക്കുളിക്കാം.
15 അടിയോളം താഴ്ചയുള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ നീന്തല്‍ വശമാക്കിയവര്‍ ആകണമെന്നു മാത്രം. അച്ചന്‍കോവിലില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ അച്ചന്‍കോവില്‍- ചെങ്കോട്ട പാതയിലൂടെയാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേയ്ക്ക് പോകുന്നത്. സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് വാച്ചര്‍മാര്‍ ഉണ്ടാകും. വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ പാതയോരത്തെ വാച്ചര്‍ഷെഡില്‍ എത്തിയാല്‍ ഇവിടുയുള്ള ഏറുമാടത്തില്‍ വിശ്രമിക്കാം. ഇവിടെ നിന്ന് വനപാലകര്‍ വനനടുവിലെ വെള്ളച്ചാട്ടത്തില്‍ എത്തിക്കും. കൂറ്റന്‍മരങ്ങളുടേയും വള്ളിപ്പടര്‍പ്പുകളുടേയും പച്ചപ്പിനിടയിലൂടെ പാറക്കെട്ടുകളെ തഴുകി നുരഞ്ഞിറങ്ങുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും.
അച്ചന്‍കോവില്‍ മലനിരകളിലെ നിഗൂഡസൗന്ദര്യങ്ങളിലൊന്നു മാത്രമാണിത്. ഇവിടെ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാണ്. ഏറെ അകലെയല്ലാതെ അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
കുറ്റാലവും ഐന്തരവിയും
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ചെങ്കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സമീപത്തായി ഐന്തരുവി (ഓള്‍ഡ് കുറ്റാലം)യും സ്ഥിതി ചെയ്യുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂരില്‍ നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെങ്കോട്ട ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റിലെത്താം; ഇവിടെ നിന്നും ഓട്ടോ ലഭ്യമാണ്. അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റാലം വെള്ളച്ചാട്ടത്തില്‍ എത്തും. ഭീമാകാരമായ പാറക്കെട്ടുകളിലൂടെ നിഗൂഡമായ വനമേഖലകളില്‍ നിന്നും ഉത്ഭവിക്കുന്ന കാട്ടുചോലകള്‍ പല വഴികളിലൂടെ ഒഴുകിയെത്തുന്ന ജലം വന്‍ പാറക്കെട്ടിന് മുകളില്‍ നിന്നും 300 അടിയോളം താഴ്ച്ചയിലേയ്ക്ക് പതിക്കുന്നതാണ് കുറ്റാലം വെള്ളച്ചാട്ടം. വിസ്മയപ്പെടുത്തുന്ന കുളിര്‍മ്മയും സുഗന്ധവും ഒപ്പം ഭക്തിയുടെ സാന്നിദ്ധ്യവുമാകുന്നു ഈ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിന്റെ കുത്തൊഴുക്കില്‍ കുളിക്കുന്നത് ആനന്ദകരമായ കാര്യമാണ്. ഇവിടുത്തെ പ്രത്യേകത ജലപാതത്തില്‍ സ്നാനത്തിനൊപ്പം ഭക്തിയുടെ മായാപ്രപഞ്ചം കൂടി സൃഷ്ടിക്കപ്പെടുമെന്നതാണ്.
വെള്ളച്ചാട്ടത്തിന്റെ ഉള്ളില്‍ ആയി പാറയില്‍ കൊത്തിയ നാഗരാജാവ്, ദേവീ, ശിവലിംഗപ്രതിഷ്ഠകള്‍ കാണാംപുറത്തെ ആരവങ്ങള്‍ ഒട്ടും തന്നെ ഇവിടെയെത്തുകയില്ല. ധ്യാനിക്കുന്നവര്‍ക്ക് അതിനും ഇവിടെ അവസരമുണ്ട്. ആദ്യമായി ഇവിടെ എത്തുന്നവര്‍ക്ക് ഇത് പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. ഇതിന് പുറമെ ജലപാതത്തിന് തൊട്ടുമുന്നില്‍ ആയി കുറ്റാല്വേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ ദര്‍ശനം കൂടിയാകുമ്പോള്‍ സഞ്ചാരികള്‍ക്ക് ഭക്തിയുടെ അനുഭൂതിയും അനുഭവവേദ്യമാകും. ജലപാതത്തിന് സമീപത്തായി മരച്ചില്ലകളില്‍ ഓടിക്കളിക്കുന്ന വാനരസംഘവും, വ്യാപാരസംഘമൊക്കെയായി ഇന്ന് സജീവമായി മാറിക്കഴിഞ്ഞു കുറ്റാലം.
കുറ്റാലം ജലപാതത്തിന് മുകളില്‍ ആയി സ്ഥിതി ചെയ്യുന്ന ജലപാതമാണ് ‘ഐന്തരുവി.’ ഐന്തരുവി എന്നതിന്റെ അര്‍ത്ഥം അഞ്ചരുവി എന്നാണ്. മലനിരകളില്‍ നിന്നെത്തുന്ന ജലം അഞ്ചു കൈവഴികളിലായി പാറക്കെട്ടില്‍ നിന്നും താഴേക്ക് പതിക്കുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. സമീപത്തായി സഞ്ചാരികള്‍ക്ക് വിശ്രമത്തിനായി വിശാലമായ മാന്തോപ്പും, പുല്‍മേടുമുണ്ട്. ഇത്തരത്തില്‍ വലുതും ചെറുതുമായ നിരവധി ജലപാതങ്ങളാണ് കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ സഞ്ചാരികള്‍ക്ക് മുങ്ങിനിവരാന്‍ അവസരമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: