പള്ളുരുത്തി: നാലു വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച് കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിച്ച ഇടക്കൊച്ചി-കണ്ണങ്ങാട്ട് പാലം ഗതാഗതത്തിനായി തുറക്കുന്നതും കാത്ത് ജനങ്ങള്‍. 64 കോടി മുടക്കി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്. ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭാഗത്ത് നിന്നും ഐലന്റുമായി ബന്ധിപ്പിക്കുന്ന പാലം പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയിടങ്ങളിലെ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടും.
കൊച്ചി നഗരത്തിലേക്ക് എളുപ്പത്തില്‍ കടന്നു പോകാവുന്ന വഴിയാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. പാലവുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണമാണ് നിലവിലെ തടസ്സത്തിന് കാരണം. റോഡ് നിര്‍മ്മിച്ച് നല്‍കില്ലെന്ന് പൊതുമരാമത്ത് വകുപ്പും ഉറച്ചുനില്‍ക്കുകയാണ്. നഗരസഭ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കൊച്ചി തുറമുഖവുമായി നേരിട്ടു ബന്ധപ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ദീര്ഘദൂരചരക്കു ലോറികളും കണ്ടെയ്നര്‍ ലോറികളും ഇതിലൂടെ കടന്നു പോകാനാകും. ഇതിനായി രണ്ടു കിലോമീറ്ററോളം ദൂരംവരുന്ന കണ്ണങ്ങാട്ട് റോഡ് വികസിക്കേണ്ടതായിട്ടുണ്ട്.
പടിഞ്ഞാറന്‍ കൊച്ചിയുടെ പരിധിയില്‍ മൂന്ന് എംഎല്‍എമാരും നിരവധി നഗരസഭാ കൗണ്‍സിലര്‍മാരും പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും പാലം തുറക്കുന്നതിനുള്ള നടപടികള്‍ക്കായി ഇവര്‍ പ്രതികരിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: