ആലത്തൂര്‍: ഇരയുടെ ദൈന്യത പ്രമേയമാക്കിയ ഹ്രസ്വചിത്രം ‘പ്രതിനിധി’ ശ്രദ്ധേയമാവുന്നു. ഇരയുടെ ദൈന്യത കാണാതെ വേട്ടക്കാര്‍ക്കു വേണ്ടി വക്കാലത്തെടുക്കുന്ന അഭിഭാഷക മനസ്സിനെ ആഘാതമുണ്ടാക്കിയ പ്രതിനിധി യെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണുള്ളത്.
ഈ മാസം രണ്ടിന് യുടൂബില്‍ അപ് ലോഡ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം മൂവായിരത്തി ഇരുന്നൂറോളം പേര് കണ്ടു. ഷോര്‍ട്ട് ഫിലിമുകള്‍ക്കിടയില്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ‘പ്രതിനിധി’ യെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. കൂട്ടമാനഭംഗത്തിനിരയായ യുവതിക്ക് നീതി നിഷേധിക്കാന്‍ കൂട്ടുനില്‍ക്കുന്ന അഭിഭാഷകര്‍ക്കെതിരെയുള്ള സമൂഹത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശബ്ദമായി പ്രതിനിധി മാറി.സിനിമയില്‍ അഭിനയിച്ച് പണവും പ്രശസ്തിയും നേടാമെന്ന് പ്രലോഭനത്തില്‍ അകപ്പെട്ട് ചതിക്കപ്പെടുന്ന പെണ്‍കുട്ടി കോടതിയിലെത്തുമ്പോള്‍ ഇരയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ആളില്ലാതെ രക്ഷപ്പെടുന്ന സാഹചര്യം എങ്ങനെയെന് തുറന്നു കാട്ടുകയാണ് പ്രതിനിധി എന്ന ഹ്രസ്വചിത്രം.
വടക്കഞ്ചേരി മുടപ്പല്ലൂര്‍ സ്വദേശിയും തൃശൂരില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവുമായ വിപിന്‍ വാസുദേവാണ് രചനയും ആശയവും നിര്‍വഹിച്ചിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് നായക കഥാപാത്രവും ചെയ്തിരിക്കുന്നത്. വിശാഖ് രമ വേണുഗോപാലാണ് സംഭാഷണവും സംവിധാനവും ചെയ്തത്. റൂബി ശങ്കര, ബിസ്മി ജോസഫ്,ജോണി. എം.ജെ, ദിനു ചന്ദ്രന് ,റെജി വില്‍സണ്‍, വി.കെ. ആദര്‍ശ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഇരകള്‍ക്കെതിരെ വാദിച്ച് ജയിക്കുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ദുസ്ഥിതിയെ കുറിച്ചും പണമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന വ്യവസ്ഥ മാറണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രതിനിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: