കൊച്ചി: കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാണെന്ന് മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ്. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നേതാക്കള്‍ ഒത്തു ചേര്‍ന്ന് ശ്രമിക്കേണ്ടിയിരിക്കുന്നു. പതിവു പരിപാടികള്‍ കൊണ്ട് ഇവരെ നേരിടാന്‍ ആവില്ല. കോണ്‍ഗ്രസിന്റെ പ്രസക്തി ഇല്ലാതാകാതിരിക്കാന്‍ പാര്‍ട്ടി കുറച്ചുകൂടി അയവുള്ള സമീപനങ്ങള്‍ സ്വീകരിക്കണം. പിടിഐക്കു നല്കിയ അഭിമുഖത്തില്‍ ജയ്റാം രമേശ് പറഞ്ഞു.
അധികാരത്തില്‍ ഇല്ലാതിരുന്ന 96 മുതല്‍ 2004വരെയും അടിയന്താവസ്ഥക്കു ശേഷം തെരഞ്ഞെടുപ്പില്‍ തോറ്റ 1977ലും പാര്‍ട്ടി വലിയ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാണ്. ഇന്നത്തെ പ്രതിസന്ധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല. പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ ആഴത്തിലുള്ള പ്രതിസന്ധിയിലാണ്. ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ ബിജെപി റാഞ്ചും എന്നു ഭയന്നല്ലേ അവരെ ബെംഗളൂരിലേക്ക് മാറ്റിയതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ബിജെപിയും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാനും ജയ്റാം രമേശ് ശ്രമിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം സ്വാഭാവികമായി മോദി സര്‍ക്കാരിനെതിരായി മാറുമെന്ന ചിന്ത കോണ്‍ഗ്രസിന് വേണ്ട. നാം മോദിക്കും അമിത് ഷായ്ക്കും എതിരെയാണ് പൊരുതുന്നതെന്ന് മനസിലാക്കണം. അവര്‍ വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. നാം നമ്മുടെ സമീപനങ്ങളില്‍ അയവുവരുത്തിയില്ലെങ്കില്, തുറന്നു പറയാം, നാം അപ്രസക്തമാകും.
ഇന്ത്യ ഒരുപാട് മാറിയെന്ന് നാം തിരിച്ചറിയണം. പഴയ മുദ്രാവാക്യങ്ങളും സൂത്രവാക്യങ്ങളും, പഴയ മന്ത്രങ്ങളും ഇനി ഫലിക്കില്ല. ഇന്ത്യ മാറി, കോണ്‍ഗ്രസും മാറണം. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ അധ്യക്ഷ പദവി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2015ലും 2016ലും അത് സംഭവിക്കുമെന്ന് കരുതി, പക്ഷെ നടന്നില്ല. 2017 അവസാനമെങ്കിലും ഇത് നടക്കുമെന്ന് കരുതുന്നു.
മോദിയെ നേരിടാന്‍ കോണ്‍ഗ്രസില്‍ ആരെങ്കിലുമുണ്ടോയെന്ന ചോദ്യത്തിന് വ്യക്തികളല്ല നേതാക്കളുടെ സംയുക്ത ശക്തിയാണ് മോദിയെ മറികടക്കാന്‍ വേണ്ടതെന്നായിരുന്നു ഉത്തരം.
ഇപ്പോഴും അധികാരത്തിലുണ്ടെന്ന തരത്തില്‍ പെരുമാറുന്ന ചില പാര്‍ട്ടി നേതാക്കളെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. സുല്‍ത്താന്റെ ഭരണം പോയി. പക്ഷെ ഇപ്പോഴും സുല്ത്താന്മാരെന്ന നിലയ്ക്കാണ് നമ്മുടെ പെരുമാറ്റം. നമ്മുടെ ചിന്താ രീതിയും പ്രവര്‍ത്തന ശൈലിയും ആശയവിനിമയ രീതിയും മാറ്റണം. കോണ്‍ഗ്രസിന് ഇപ്പോഴും ജനപിന്തുണയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷെ പാര്‍ട്ടി മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: