രണ്ടായിരത്തി പതിനേഴ് ഏപ്രില്‍ 22-ലെ ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രറിപ്പോര്‍ട്ട് പ്രകാരം ഖരഗ്പൂര്‍ ഐഐടിയുടെ ആര്‍ക്കിടെക്ച്ചര്‍ ഡിഗ്രി കോഴ്സില്‍ വാസ്തുവിദ്യകൂടി പഠിപ്പിക്കുവാന്‍ തീരുമാനമെടുത്തിരുന്നു. പക്ഷെ ഒരു നിബന്ധന വാസ്തുവിദ്യയില്‍ നിന്ന് മതം എടുത്തുമാറ്റണം. സര്‍വ്വതും മതേതരമായി കാണാന്‍ മെനക്കെടുന്ന ബുദ്ധിജീവികള്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ഭാരതത്തില്‍ സെമിറ്റിക് രീതിയിലുള്ള മതവിശ്വാസമല്ല ഉള്ളത്. ഇവിടെ മതം, തങ്ങളില്‍നിന്ന് വ്യത്യസ്തനായ, സര്‍വ്വശക്തനായ ഒരു ദൈവത്തിന്റെ ആരാധനമാത്രമല്ല, ജീവിതത്തിലെ സര്വ്വവ്യാപാരങ്ങളുമുള്പ്പെടുന്ന ധര്‍മ്മവും കൂടിയാണ്. ധര്‍മ്മം സത്യത്തിന്റെ പ്രായോഗികാവിഷ്കാരമാണ്. സത്യം സമഗ്രമാണ്. അതായത് ഭൗതികതയും ആദ്ധ്യാത്മികതയും തമ്മിലുള്ള വേര്‍തിരിവുകള്‍ ഭാരതത്തിലില്ല. അതുകൊണ്ടാണ് ശ്വസോച്ഛ്വാസം പോലും ചിട്ടയോടുകൂടി ചെയ്താല്‍ (പ്രാണായാമം) ഈശ്വരപ്രാപ്തി നേടാമെന്ന് ഋഷിമാര്‍ ഉദ്ഘോഷിച്ചത്. ഭാരതത്തിലെ ഹിന്ദുധര്‍മ്മം ജലപാനം ചെയ്യുമ്പോഴും കൃഷി ചെയ്യുമ്പോഴും വ്യാപാരം നടത്തുമ്പോഴും വീട് നിര്‍മ്മിക്കുമ്പോഴും വിവാഹം നടത്തുമ്പോഴും സന്താനമുണ്ടാകുമ്പോഴും മരിക്കുമ്പോഴും ഈശ്വര സാന്നിധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചിലപ്പോള്‍ ആരാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈശ്വരാന്വേഷണത്തിന്റെ ഭാഗമായ വേദങ്ങളുടെ ഉപവിഭാഗങ്ങളായി (ഉപവേദങ്ങള്‍)ആയുര്‍വേദവും ധനുര്‍വേദവും (ആയുധവിദ്യ) ഗാന്ധര്വ്വവേദവും (സംഗീതവും കലയും) സ്ഥാപത്യവേദവും (ശില്പശാസ്ത്രം) ഇവിടെയുണ്ടായത്. ഈശ്വരനിഷേധത്തെ പ്രതിനിധീകരിക്കുന്ന ചാര്വാകസിദ്ധാന്തങ്ങള് ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ ഇന്നത്തെപ്പോലെ തന്നെ അന്നും അതത്ര പ്രചാരം നേടിയില്ല.
വേദങ്ങളുടെ ഉപവേദമാണ് സ്ഥാപത്യവേദം. ഇതില്‍ ശില്പ്പശാസ്ത്രം, നിര്‍മ്മാണവിദ്യ എന്നിവ പരാമര്‍ശിക്കപ്പെടുന്നു. അതിവിപുലമായ വാസ്തുശാസ്ത്രം സ്ഥാപത്യവേദത്തിന്റെ വിഷയമാണ്. ഇതില്‍ വായുവിന്റെയും ജലത്തിന്റേയുമൊക്കെ പ്രവാഹദിശക്കനുസരിച്ച് മനുഷ്യാലയവും ദേവാലയവുമൊക്കെ എങ്ങനെ എവിടെ നിര്‍മിക്കണമെന്ന് പറഞ്ഞിരിക്കുന്നു. സുഖസമ്പൂര്‍ണമായ സമൂഹജീവിതത്തിന് സൂര്യപ്രകാശം, വായുപ്രവാഹം, ജലം, ഭൂമി എന്നിവയെല്ലാം പരിഗണിച്ച് നമ്മുടെ പൂര്വ്വാചാര്യന്മാര് തന്ന ആലയനിര്മ്മാണത്തിന്റെ ശാസ്ത്രം അത്യദ്ഭുതകരം തന്നെയാണ്.
ആഗോളതാപനത്തിന്റെ ആഘാതത്തില്‍നിന്ന് രക്ഷനേടാനാണ് ഇപ്പോള്‍ വാസ്തുവിദ്യയെ ഐഐടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനം വായു മലിനമാക്കുമ്പോള്‍ ഉണ്ടാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ (നീരാവി, കാര്‍ബണ്‍ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ഓസോണ്‍) പ്രവര്‍ത്തനഫലമാണ്. അന്തരീക്ഷതാപനില വര്‍ധിപ്പിക്കുമ്പോള്‍ അത് ജലാംശത്തെയും മണ്ണിനേയും വായുവിനേയും പ്രതികൂലമായി ബാധിക്കും. ഇങ്ങനെ ബാധിക്കുമ്പോള്‍ അത് ഉല്‍പ്പാദനത്തെയും ഉപഭോഗത്തെയും അതുവഴി ജീവിതത്തേയും അസന്തുലിതമാക്കും. മനസ്സിനും ശരീരത്തിനും പ്രകൃതിക്കും ശാന്തി കാംക്ഷിക്കുന്ന ഭാരതീയ ധര്‍മ്മശാസ്ത്രങ്ങള്‍ക്ക് ഈ അശാന്തി ഒട്ടും ഭൂഷണമല്ല.
വാസ്തുവിദ്യയിലൂടെ, ആഗോളതാപനം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥക്കും അശാന്തിക്കും എങ്ങനെയാണ് പരിഹാരമെന്ന് ചിന്തിക്കാം. പ്രകൃതിദത്തമായ അനുഗ്രഹങ്ങളെ പ്രപഞ്ചതാളത്തിനൊത്ത്, മനുഷ്യവാസത്തിനായി വിനിയോഗിക്കുന്നതാണ് വാസ്തുവിദ്യ. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പ്രകൃതിയിലെ പഞ്ചഭൂതതാളമാണ് വാസ്തു. നേരത്തെ സൂചിപ്പിച്ചതുപോലെ, സൂര്യപ്രകാശത്തിന്റെയും ചൂടിന്റെയും ലഭ്യത, ജലപ്രവാഹം, വായുപ്രവാഹം, ഭൂമിയുടെ കിടപ്പ് (ചെരിവ്), മണ്ണിന്റെ നിറം, ഗുണം, സ്ഥലത്തിന്റെ അക്ഷാംശ-രേഖാംശ സാമീപ്യം, ജന്തു-സസ്യ വര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് വാസ്തുവിദ്യ എവിടെ താമസിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നത്. അതായത് വായു സഞ്ചാരം നല്ലതുപോലെയുള്ള കെട്ടിടങ്ങള്‍, വാസ്തുവിദ്യ പ്രകാരം അമിതമായി ചൂടാകുകയില്ല.
അതുകൊണ്ട് ഫാനിന്റെയും എസിയുടെയും ഉപയോഗം കുറയ്ക്കാം; ഊര്‍ജ്ജം സംരക്ഷിക്കാം. പകല്‍ വെട്ടം കെട്ടിടത്തിനുള്ളില്‍ പതിക്കാന്‍ പാകത്തിനുള്ള നിര്‍മാണമായതിനാല്‍ വൈദ്യുതി ഉപയോഗം കുറയും. മാത്രമല്ല, പ്രഭാതത്തിലേയും സായാഹ്നത്തിലേയും സൂര്യരശ്മികള്‍ മുറികള്‍ക്കുള്ളില്‍ പ്രവേശിക്കാനുള്ള സൗകര്യമുള്ളതിനാല്‍, അള്‍ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യശരീരത്തില്‍ പതിക്കുകയും ആരോഗ്യസംരക്ഷണം സാധ്യമാവുകയും ചെയ്യുന്നു.
പ്രകൃതിദത്തമായിത്തന്നെ ജലസാന്നിധ്യമുള്ള പ്രദേശമാകയാല്‍ ജലദൗര്‍ലഭ്യം ഇല്ല. കൂടാതെ ഗൃഹനിര്‍മാണത്തിനുള്ള ഭൂമിയും ഫലപുഷ്ടിയുള്ളതിനാല്‍ വെള്ളവും വെളിച്ചവും കൂടി ലഭിക്കുമ്പോള്‍ സ്വാഭാവികമായും കൃഷിയില്‍ സമൃദ്ധിയുണ്ടാകുകയും ഐശ്വര്യം ലഭിക്കുകയും ചെയ്യുന്നു. സമൃദ്ധിയുള്ളപ്പോള്‍ അതിന്റേതായ സന്തോഷവും സമാധാനവും ശാന്തിയും ലഭ്യമാകും. വായു, വെള്ളം, വെളിച്ചം, മണ്ണ് എന്നിവയുടെ സന്തുലിതമായ ഉപയോഗത്തില്‍ക്കൂടി ആഗോളതാപനത്തിന്റെ തിക്തഫലങ്ങളെ ചെറുത്ത് സുസ്ഥിരവികാസമായ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യാം.
പൗരാണികമായതുകൊണ്ടെല്ലാം തെറ്റാണെന്നും നവീനമായതുകൊണ്ടെല്ലാം ശരിയാണെന്നുമുള്ള കാഴ്ചപ്പാട് ഒരുതരത്തിലുള്ള അന്ധവിശ്വാസമാണ്. അന്ധവിശ്വാസവും അനാചാരവും നിറഞ്ഞ മതങ്ങള്‍ അനാവശ്യമാണെന്നായിരുന്നു പത്തുവര്‍ഷം മുന്‍പുവരെ പുരോഗമനവാദികള്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിപോലും മതവിശ്വാസത്തെ അംഗീകരിക്കുന്നു. മാത്രമല്ല, അനാചാരമെന്ന് കരുതിയിരുന്ന പല മതാചാരങ്ങളും മനുഷ്യനിലനില്‍പ്പിനെ സഹായിക്കുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ആയുര്‍വേദം ഒരു ഉപവേദമാണ്. അതായത് ഒരു ഹിന്ദുധര്‍മ ഗ്രന്ഥം. ഹിന്ദുധര്മഗ്രന്ഥങ്ങളുടെയെല്ലാം പ്രത്യേകതയെന്തെന്നാല് അവയിലെ സത്യം സാര്വ്വലൗകികമാണെന്നുള്ളതാണ്. സായിപ്പ് ഈ പ്രത്യേകത മനസ്സിലാക്കുന്നതിനു മുന്‍പ്, അലോപ്പതിക്കാര്‍ക്കും പുരോഗമനക്കാര്‍ക്കും ആയുര്‍വേദം വെറും ‘മരുന്നും മന്ത്രവു’മായിരുന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ ഗവേഷണം നടത്തി ആയുര്‍വേദം അന്തര്‍ദേശീയ പ്രാധാന്യം നേടിയപ്പോള്‍, ആയുര്‍വേദം ലോകത്തിന്റെ പൊതുസ്വത്തായി. അതില്‍ തെറ്റൊന്നുമില്ല; പക്ഷെ, ഒപ്പംതന്നെ ആയുര്‍വേദം ഭാരതത്തിലെ ഹിന്ദുധര്‍മത്തിന്റെ സംഭാവനയാണെന്ന കാര്യംകൂടിയോര്ക്കുമ്പോഴാണ് നമ്മുടെ സമീപനം സമഗ്രവും സത്യസന്ധവുമാകുന്നത്.
ഭാരതത്തിലെ സംഗീത പാരമ്പര്യത്തിന്റെ കാര്യത്തിലും യോഗശാസ്ത്രത്തിന്റെ കാര്യത്തിലും മേല്‍പ്പറഞ്ഞതുതന്നെയാണ് പുരോഗമനക്കാരുടെ സമീപനം. ഇവയ്ക്ക് രണ്ടിനും അന്തര്‍ദേശീയ പ്രാധാന്യം കിട്ടിയപ്പോള്‍, രണ്ടും ഭാരതീയപാരമ്പര്യത്തില്‍ നിന്നടര്‍ത്തിമാറ്റി, ആകാശത്തുനിന്ന് പൊട്ടിവീണതാണെന്നുള്ള രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ ‘ഉണ്ടചോറിന് നന്ദിയില്ലാ’ത്തവരാണ്. വാസ്തുവിദ്യയുടെ കാര്യത്തിലും സംഭവിക്കുന്നത് മറിച്ചല്ല. ഐഐടി ഖരഗ്പൂരിലെ പ്രൊഫസര്‍മാര്‍ പറയുന്നു: ”മതപണ്ഡിതന്മാര് ‘വാസ്തു’ എന്ന വാക്കിനെ റാഞ്ചിയെടുത്തതിനാല്, അതിന് ഹിന്ദുമൗലികവാദത്തിന്റെ ഒരു രുചിയുണ്ട്.
പക്ഷേ, ശാസ്ത്രീയാടിത്തറയുള്ളതിനാല്, വാസ്തുവിദ്യയെ പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഒരേ കാര്യം തന്നെ, അന്ധവിശ്വാസമായി കരുതുമ്പോള്‍ അത് ഹിന്ദുമതത്തിന്റേതാണെന്ന് കൊട്ടിഘോഷിക്കുകയും ശാസ്ത്രീയമാണെന്ന് തെളിയിക്കപ്പെടുമ്പോള്‍ അത് ഹിന്ദുമതത്തിന്റേതല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന പുരോഗമനവാദികളുടെ താല്‍പ്പര്യം എന്തെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം.
മതത്തിലേതായാലും രാഷ്ട്രീയത്തിലേതായാലും ശാസ്ത്രത്തിലേതായാലും ഏത് സിദ്ധാന്തത്തിനും പ്രമാണത്തിനും ഒരു ദേശവും കാലമവുമുണ്ട്. പ്രഷ്യയില്‍ ജനിച്ച് ജര്‍മനിയിലും ഇംഗ്ലണ്ടിലും ജീവിച്ച മാര്‍ക്സാണ് കമ്യൂണിസത്തിന്റെ ഉപജ്ഞാതാവ്. ആപേക്ഷികതാസിദ്ധാന്തം കണ്ടുപിടിച്ച ഐന്‍സ്റ്റീനെ നാമറിയുന്നത് ജര്‍മ്മന്‍ ജൂതനായാണ്. എബ്രഹാം ലിങ്കനെക്കുറിച്ചും അമേരിക്കക്കാര്‍ക്ക് അഭിമാനത്തോടെ സ്മരിച്ചുകൂടെ? മാര്‍ക്സിലും ഐന്‍സ്റ്റീനിലും ഒരു ജര്‍മ്മന്‍ പൗരന് അഭിമാനിച്ചുകൂടെ? അങ്ങനെയഭിമാനിക്കുന്നതുകൊണ്ട് മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെയോ ആപേക്ഷികതാ സിദ്ധാന്തത്തിന്റെയോ പ്രസക്തിയും പ്രാധാന്യവും കുറഞ്ഞുപോകുമോ? അതേപോലെ തന്നെ ഋഷിപരമ്പരയുടെ പരമമായ സാംസ്കാരിക സംഭാവനകള്‍ ഉടലെടുത്തത് ഭാരതത്തില്‍ നിന്നാണെന്നും, അത് ഹിന്ദുധര്‍മത്തിന്റെ ഭാഗമാണെന്നുമുള്ള കാര്യത്തില്‍ അഭിമാനിക്കുമ്പോള്‍ അവയുടെ സര്‍വ്വകാല-സാര്‍വ്വലൗകിക പ്രസക്തിയുടെയും പ്രാധാന്യത്തിന്റെയും സുഗന്ധം വാനോളം ഉയരുകയാണ് ചെയ്യുന്നത്.
ഇക്കഴിഞ്ഞ മെയ് രണ്ടിന് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ യോഗാഭ്യാസ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ‘യോഗം’ ഉദ്ഘാടനം ചെയ്ത് യുപിഎസ്സിയുടെ മുന്‍ അംഗം റേയ്പോള് അഭിപ്രായപ്പെട്ടത് നോക്കുക. ”Yoga is secular pathway to sprituaity.”
മതത്തിലെ ചിലയാളുകള്‍ നടത്തുന്ന കച്ചവടവല്‍ക്കരണവും ചൂഷണവുമൊക്കെ ഉയര്‍ത്തിക്കാണിച്ച് മതം വേണ്ടായെന്ന് പറയാനൊക്കുമോ? മതത്തിന്റെ വിശ്വാസങ്ങളിലും ആരാധനാ സമ്പ്രദായങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന കോടാനുകോടിയാളുകള്ക്ക് ലഭിക്കുന്ന ശാന്തിയും സമാധാനവും ജീവിതപ്രതീക്ഷയുമൊക്കെ മതേതര നിരീശ്വരവാദികള്‍ക്ക് കൊടുക്കുവാന്‍ സാധിക്കുമോ? വിരലിലെണ്ണാവുന്ന ചില സ്വാര്‍ത്ഥമോഹികള്‍ മതത്തിന്റെ സമ്പ്രദായങ്ങളെയും അനുഷ്ഠാനങ്ങളെയും ദുര്‍വിനിയോഗം ചെയ്യുന്നതുകൊണ്ട്, ആ സമ്പ്രദായങ്ങള്‍ മതത്തിന്റെയല്ലാതാകുമോ? യോഗപോലെയുള്ള മത-ധര്‍മ്മാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത തെളിയിക്കപ്പെട്ടപ്പോള്‍, അവയെ അംഗീകരിക്കാതെ നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയ മതേതര-നിരീശ്വരവാദികള്‍ ഇപ്പോള്‍ ഈ വക അനുഷ്ഠാനങ്ങളുടെ വക്താക്കളാകാന്‍ ശ്രമിക്കുകയാണ്. മതതത്ത്വങ്ങളല്ല, അവസരവാദികളായ മനുഷ്യരാണ് ഇവിടെ പ്രതികള്‍. മതേതരക്കാരുടെ വേദമോതലല്ല, വേദമൂതലാണ് നാം കാണുന്നത്. ഇപ്പോള്‍ വാസ്തുവിദ്യയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു. എന്താണിതിന്റെയൊക്കെ ഉദ്ദേശ്യം?
ആദ്യം അറബി വ്യാപാരികളിലൂടെയും, പിന്നീട് യൂറോപ്യന്മാരിലൂടെയും നമ്മുടെ പുണ്യഗ്രന്ഥങ്ങളനേകം കടത്തിക്കൊണ്ടുപോവുകയും മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. അതു പഠിച്ചവര്‍ക്കറിയാം ഇനിയും അനേകം ഭാരതീയ ‘അന്ധവിശ്വാസങ്ങള്‍’ അധികം താമസിയാതെ, ആയുര്‍വേദംപോലെ, ശാസ്ത്രീയമാകുമെന്ന്. അങ്ങനെ സംഭവിക്കുമ്പോള്‍ ലോകത്തിന്റെ നിറുകയില്‍ ഭാരതത്തിന്റെ മഹിമയും ഗരിമയും തിളങ്ങിനില്ക്കും. ഈ സാംസ്കാരികത്തിളക്കത്തെ അണച്ചുകളയാനാണ് വിദേശത്തും സ്വദേശത്തുമുള്ള കപടശാസ്ത്രീയ-മതേതര-ജനാധിപത്യവാദികള്‍ ഒന്നിച്ചുനിന്ന് ഈ വക അറിവുകള്‍ക്ക് ഭാരതത്തിലെ മതവും സംസ്കാരവുമായി ബന്ധമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍നിന്ന് വര്‍ഗീയത ആരോപിച്ച് നമ്മുടെ സാംസ്കാരികസംഭാവനകളെ തമസ്കരിക്കുന്നത്. ഈ ദുരുദ്ദേശ്യത്തോടുകൂടിത്തന്നെയാണ് നമ്മുടെ സാംസ്കാരിക-ധാര്‍മിക മൂല്യങ്ങള്‍ ലോകനന്മയ്ക്കാണെന്നും, അവ ലോകത്തിന്റെ പൊതുസ്വത്താണെന്നും പറഞ്ഞ്, അവയുടെ പകര്‍പ്പവകാശങ്ങള്‍ സ്വന്തമാക്കി, ഉടമസ്ഥാവകാശം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.
ഈ ലോകത്തെ മാത്രമല്ല, ഈ പ്രപഞ്ചത്തെ മുഴുവന്‍ ഒന്നായിക്കണ്ട ഋഷിമാരുടെ സംഭാവനകള്‍ ലോക നന്മയ്ക്കാണെന്നതില് സംശയമില്ല. നമ്മുടെ ഋഷിമാര്‍ തികച്ചും നിസ്വാര്ത്ഥരായിരുന്നതുകൊണ്ടാണല്ലോ, പല കൃതികളിലും അവര്‍ പേരുപോലും രേഖപ്പെടുത്താതെ പോയത്. ഇപ്പോള്‍ പകര്‍പ്പവകാശം സ്ഥാപിച്ച്, പ്രകൃതിയുടെ പൊതുവിഭവങ്ങളായ വായുവിനും വെള്ളത്തിനും പോലും ഉടമസ്ഥാവകാശം സ്ഥാപിക്കുവാന്‍ വെമ്പല്‍കൊള്ളുന്ന ആധുനിക പരിഷ്കാരികളെക്കാള് എത്രയോ ഉയരത്തിലാണ് ‘ലോകാസമസ്താ സുഖിനോ ഭവന്തു’വിനുവേണ്ടി തങ്ങളുടെ സംഭാവനകള്‍ വാരിവിതറിയ ഋഷിവര്യന്മാര്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: