മലപ്പുറം: ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പും സംയുക്തമായി ദേശീയ വിരവിമുക്ത ദിനാചരണം നടത്തുമെന്ന് ഡിഎംഒ ഡോ.കെ.സക്കീന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി 10ന് ഒരു വയസ് മുതല്‍ 19വയസുവരെയുള്ള കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ഒരു വയസു മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് അങ്കണ്‍വാടി മുഖേനയും ആറ് മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്ക് സ്കൂളുകളിലൂടെയും ഗുളിക നല്‍കുന്നതാണ് പദ്ധതി.
ഒരു വയസു മുതല്‍ 19 വയസുവരെയുള്ള 1092401 കുട്ടികള്‍ക്കാണ് വിരമരുന്ന് നല്കാന് ലക്ഷ്യമിട്ടിരിക്കുന്നത്. ഒന്നു മുതല്‍ രണ്ടുവയസുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളികയും, രണ്ടു മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് ഒരു ഗുളികയും നല്‍കും. 10ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി 17ന് ഗുളിക നല്‍കും.
ജില്ലയിലെ തീരദേശ ബ്ലോക്കുകളായ മാറഞ്ചേരി, തവനൂര്‍, വെട്ടം, വളവന്നൂര്‍, നെടുവ എന്നീ ഹെല്‍ത്ത് ബ്ലോക്കുകളില്‍ എംഡിഎ പരിപാടി നടക്കാനുള്ളതിനാല്‍ പ്രസ്തുത ഹെല്‍ത്ത് ബ്ലോക്കുകളെ ഒഴിവാക്കി മറ്റിടങ്ങളിലാണ് പരിപാടി. കുട്ടികളിലെ വിളര്‍ച്ചയും പോഷകക്കുറവും വിശപ്പില്ലായ്മയും തളര്‍ച്ചയും ഒഴിവാക്കി രോഗപ്രതിരോധശേഷിയും ആരോഗ്യമുള്ളവരെ സൃഷ്ടിക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. രേണുക ആര്., ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ഷിബുലാല്‍ എ., ടി.എം. ഗോപാലന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: