ഉല്ലാസം തേടുന്ന മനസ്സുകള്ക്കുള്ളതാണ് ഉത്സവങ്ങള്‍. ഉത്സവങ്ങളിലൂടെ ഉണരുന്ന ഉത്സാഹത്തിനൊപ്പം സംസ്ക്കാരവും പകര്‍ന്നുനല്‍കുന്നതാണ് ഭാരതത്തിന്റെ സവിശേഷത. സമാജ ശക്തിയിലൂടെ ധര്‍മ്മത്തെ സംരക്ഷിക്കലാണ് ഉത്സവങ്ങളുടെ അടിസ്ഥാനലക്ഷ്യം. ചെറുതും വലുതുമായ വ്യത്യസ്ത ഉത്സവങ്ങള്‍ വിവിധദേശങ്ങളില്‍ നടക്കുമ്പോഴും അതില്‍ ഒരു ഏകധാരയുണ്ട്. ഇതിനെയാണ് നാം ഭാരതീയത എന്ന് വിവക്ഷിക്കുന്നത്.
സമാജത്തിന്റെ സാംസ്കാരിക വ്യതിയാനം ഭരണകര്‍ത്താക്കളിലും മാറ്റം വരുത്തിയതായി ചരിത്രത്തില്‍ കാണാം. ‘യഥാപ്രജ തഥാരാജ’എന്നതായി അപ്പോള്‍ ആപ്തവാക്യം. വ്യക്തികള്‍ പുരുഷാര്‍ത്ഥങ്ങളെ ആശ്രയിച്ച് ധര്‍മ്മാധിഷ്ഠിതമായി ജീവിക്കുമ്പോഴാണ് സമൂഹം സംസ്കാരസമ്പന്നമാകുന്നത്; സമാജിക ശക്തി സംഭരിക്കാനാവുന്നത്. രാഷ്ട്രത്തിന്റെ പ്രാണന് ഗ്രന്ഥങ്ങളിലോ പ്രവാചകന്മാരിലോ ആയുധബലത്തിലധിഷ്ഠിതമായ ഭരണകൂടങ്ങളിലോ അല്ല, ധര്‍മ്മത്തിലാണ്. ധര്‍മ്മബോധം കുടികൊള്ളുന്നതാകട്ടെ ഹൃദയങ്ങളിലും.
ലോകം, ജനസംഖ്യയില്‍ അഞ്ചിലൊന്നു വരുന്ന ഭാരതീയരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നു. വലിയൊരു ഉത്തരവാദിത്വമാണിത്. ഭാരതീയത ലോകം സ്വീകരിക്കാന്‍ സന്നദ്ധമാകുമ്പോള്‍ അതുപ്രദാനം ചെയ്യാനുള്ള കടമ ഓരോഭാരതീയനുമുണ്ട്.
സ്വത്വബോധം വീണ്ടെടുത്ത് അവനവനില്‍ വിശ്വസിച്ച് കര്ത്തവ്യമനുഷ്ഠിച്ച് വിജയം നേടുന്നതിന്റെ ആഘോഷമാണ് രാഖീബന്ധനം. നിലനില്പിനാധാരമായ ധര്‍മ്മാചരണങ്ങളും ശ്രുതികളും വേദേതിഹാസങ്ങളുമെല്ലാം നാം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. പ്രാകൃതമെന്ന് അധിക്ഷേപിക്കപ്പെട്ട സനാതന മൂല്യങ്ങള്‍ ശാശ്വതമായ നിലനില്പിന് ആവശ്യമാണെന്ന തിരിച്ചറിവ് പുതിയ കാഴ്ചപ്പാടിലേക്ക് നയിക്കുന്നു. ഉപനിഷത്തില്‍ നിന്ന് ഉപഗ്രഹത്തിലേക്കെത്തിയ പുരോഗതി പുതിയ തലമുറയ്ക്ക് നവഭാരതത്തെക്കുറിച്ച് അതിയായ പ്രതീക്ഷയുണര്‍ത്തുന്നു. പ്രകൃതിയും പ്രകൃതിവിഭവങ്ങളും കാലാവസ്ഥയും കരുതലോടെ സംരക്ഷിക്കാന്‍ നാം ബാദ്ധ്യസ്ഥരായിക്കൊണ്ടിരിക്കുന്നു.
പൗരുഷം എന്നത് ഭാരതത്തിന് മണ്ണിനേയും പെണ്ണിനേയും സംരക്ഷിക്കുന്നതാണെന്ന ബോധ്യത്തോടയാണ് രക്ഷാബന്ധനോത്സവത്തില് സാഹോദര്യത്തിന്റെ പട്ടുനൂല്‍ ബന്ധിക്കുന്നത്. ദേശീയതയെ ആദ്ധ്യാത്മികവല്ക്കരിച്ച ഭാരതത്തില്‍ സ്വന്തം നാടിനും ധര്‍മ്മത്തിനും വേണ്ടി ജീവിതം ഹോമിച്ച വീരാത്മാക്കള്‍ ഉത്തമമാതൃകകളായിത്തീര്ന്നു. സ്വാതന്ത്യദിനാഘോഷങ്ങള്‍ വിജയശാലിയായ ഭാരതാംബയുടെ പൂര്വ്വസ്മരണകളുണര്ത്തുന്നു. അതിര്ത്തിഭേദിച്ചെത്തുന്ന ശത്രുക്കളെ കരുത്തുകൊണ്ട്നേരിടാന് പ്രതിജ്ഞാബന്ധരാണ് ഓരോഭാരതീയനും. ദേശീയ മാനബിന്ദുക്കളെ മാനിച്ച്, രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതൊടൊപ്പം സൈനിക ശക്തിയെ പരിപോഷിപ്പിക്കേണ്ടതുമുണ്ട്.
വ്യക്തിയില്‍നിന്ന് കുടുംബത്തിലേക്കും, കുടുംബങ്ങള്ചേര്ന്ന് ഗ്രാമത്തിലേക്കും, ഗ്രാമങ്ങളില്‍നിന്ന് ദേശത്തിലേക്കും, പിന്നീട് ലോകത്തെ മുഴുവനും ഉള്‍ക്കൊള്ളുന്ന വസുധൈവകുടുംബകം എന്ന ആപ്തവചനത്തിലേക്കെത്തിക്കുന്നതാണ് സനാതനധര്‍മ്മത്തിന്റെ പ്രത്യേകത. പവിത്രമായ പട്ടുനൂല്‍ബന്ധനം ഹൃദയങ്ങള്‍ തമ്മിലുള്ള സുദൃഢമായ ബന്ധത്തെ പ്രദാനം ചെയ്യുമ്പോള്‍, നമ്മുടെ ആരാധ്യദേവത ഭാരതാംബമാത്രമായിരിക്കട്ടെ എന്ന വിവേകാന്ദ വചനങ്ങളെ ഓര്‍മ്മിക്കാം. ഉത്തരവാദിത്വമുള്ള ഒരു പൗരനായി ലോകം പ്രതീക്ഷിക്കുന്ന നിലയിലേക്ക് നമ്മുടെ രാഷ്ട്രത്തെ ഉയര്‍ത്താന്‍ ശ്രമിക്കാം.
(കേരള വിശ്വസംവാദകേന്ദ്രം (ഐടി മിലന്) സംസ്ഥാന സംയോജകാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: