കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപിന്റേതാണ് വെളിപ്പെടുത്തല്‍. ഒരു ചാനലിനോടാണ് സനൂപ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ദിലീപിന് ആലുവ സബ് ജയിലില്‍ സര്‍വ്വ സ്വാതന്ത്ര്യമുണ്ടെന്ന് സനൂപ് പറയുന്നു. പകല്‍മുഴുവന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നത്. സഹതടവുകാര്‍ക്കിതറിയാം. പക്ഷേ മര്‍ദനം ഭയന്ന് പുറത്തുപറയില്ല. ജയിലിലെ സിസിടിവി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സനൂപ് പറഞ്ഞു.
ആലുവ സ്വദേശിയായ സനൂപ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സബ് ജയിലിലെത്തിയത്. പത്തുവര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലെ വാറന്ഡിലാണ് റിമാന്‍ഡിലായത്. രണ്ട് ദിവസം സബ് ജയിലില്‍ ദിലീപിന് തൊട്ടടുത്തുളള സെല്ലിലാണ് സനൂപ് കഴിഞ്ഞിരുന്നത്. തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു.
ദിലീപിന് ജയിലില്‍ യാതൊരു സൗകര്യവും നല്‍കുന്നില്ലെന്ന എഡിജിപി ശ്രീലേഖയുടെ നിലപാടിനിടെയാണ് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: