ഹബിബ്ഗഞ്ജ് (മധ്യപ്രദേശ്) : റെയില്‍വേ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളുള്ളതാക്കാന് കേന്ദ്ര പദ്ധതി. റെയില്‍വേ ഭൂമി നിശ്ചിത കാലത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്
കേന്ദ്രം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിനു പണം മുടക്കില്ല.
ആദ്യഘട്ടത്തില്‍ ഹബീബ്ഗഞ്ച്, തിരുപ്പതി, ദല്‍ഹി, സരയ് റോഹില, മഡഗാവോന്, ലക്നൗ, ഗോമിത് നഗര്‍, കോട്ട, പോണ്ടിച്ചേരി എന്നീ പ്രധാന സ്റ്റേഷനുകള്‍ നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളവും അടക്കമുള്ള 33 സ്റ്റേഷനുകളില്‍ രണ്ടാം ഘട്ടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഭോപ്പാലിലെ ഹബീബ്ഗഞ്ചിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ 100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കോ റെയില്‍വേ മന്ത്രാലയത്തിനെ മുതല്‍മുടക്കില്ല. ബന്‍സാല്‍ ഗ്രൂപ്പാണ് ഹബീബ്ഗഞ്ച് സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
2019 ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. 17,245 ചതിരശ്ര അടി റെയില്‍വേ ഭൂമി ബന്‍സാല്‍ ഗ്രൂപ്പിന് 45 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കും. കൂടാതെ ആശുപത്രി, കണ്വെന്ഷന് സെന്റര്‍, ആഡംബര ഹോട്ടലുകള്‍ തുടങ്ങി 400 കോടിയുടെ അധിക നിക്ഷേപം കൂടി ഇവിടെ നടത്തുന്നതാണ്. 13 ലക്ഷം ചതുരശ്ര അടിയിലാണ് ഇവ ഒരുക്കുക. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കുന്ന രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷനാവും ഹബീബ്ഗഞ്ച്. 11 എസ്കലേറ്ററുകള്‍, വാക് വേ, ആറ് ലിഫ്റ്റുകള്‍, 3 ട്രാവലേറ്ററുകള്‍, പ്രത്യേക പാഴ്സല്‍ ഇടനാഴി, കാല് നട യാത്രക്കാര്‍ക്കായി രണ്ട് വഴി…പ്രത്യേകതകള്‍ ഏറെ.
അതേസമയം സ്വകാര്യ പങ്കാളിത്തത്തില്‍ അമ്പതോളം സ്റ്റേനുകള്‍ നവീകരിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 സ്റ്റേഷനുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുകയെന്ന് നവീകരണച്ചുമതല വഹിക്കുന്ന എന്‍ബിസിസി അറിയിച്ചു.
റെയില്‍വേയുടെ ഉടമസ്ഥതയില്‍ 4.76 ലക്ഷം ഹെക്ടര്‍ ഭൂമിയാണുള്ളത്. ഇതില്‍ വാണിജ്യ വികസനത്തിനായി 10,000 ഹെക്ടര്‍ ഭൂമിയാണ് നിലവില്‍ റെയില്‍വേ പരിഗണിച്ചിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് മാതൃകയിലാണ് സ്റ്റേഷനുകള്‍ നവീകരിക്കുക.
അതിനിടെ പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ റെയില്‍വേ സ്റ്റേഷന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐഎല്‍ ആന്‍ഡ് എഫ്എസ്, ജിഎംആര്‍, ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാ, ലാന്‍കോ ഇന്‍ഫ്രാടെക്, എസ്സെല്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളും മലേഷ്യ, ബ്രിട്ടന്, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: