കാസര്‍കോട്: കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനത്തിന് ആശാപുര കമ്പനിക്ക് ലീസിന് നല്കിയ ഭൂമിയിലെ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് കത്തയച്ചത് മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. വ്യവസായ മന്ത്രിയായിരിക്കുന്ന സമയത്താണ് കുഞ്ഞാലിക്കുട്ടി ഇത്തരത്തില്‍ കത്തയച്ചത്.
2007 ഏപ്രില്‍ 24ന് വി.എസ്.അച്ച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ നല്കിയ മൈനിങ്ങ്ലീസില് പറയുന്ന ഭൂമി ഡിമാര്ക്കേറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള റവന്യു വകുപ്പ് നിര്‍വ്വഹിക്കേണ്ട നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നല്‍കണമെന്നാണ് കുഞ്ഞാലിക്കുട്ടി ഈ കത്തില്‍ ആവശ്യപ്പെട്ടത്. വ്യവസായ വകുപ്പ് മന്ത്രിയെന്ന നിലയില്‍ 2013 മാര്‍ച്ച് 20ന് റവന്യുവകുപ്പിലേക്ക് നേരിട്ട് കത്തയക്കുകയായിരുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്യേണ്ട ഒരു കാര്യം മന്ത്രി തന്നെ നേരിട്ട് ചെയ്തത് വ്യക്തി താല്പര്യങ്ങളുടെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
2012ല്‍ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല കടലാടിപ്പാറ സന്ദര്‍ശിച്ച് ഖനനം അനുവദക്കില്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നേരിട്ടുള്ള നീക്കം.
കിനാനൂര്‍ വില്ലേജില്‍ അനുവദിച്ച ഭൂമിയുടെ കാര്യത്തിലാണ് കമ്പനിക്ക് കൈമാറാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഖനന വിരുദ്ധ സമരം നടക്കുന്ന സമയത്ത് തന്നെ കുഞ്ഞാലിക്കുട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറികടന്നുകൊണ്ട് ഇത്തരത്തില്‍ കത്തയച്ചത് ദുരൂഹതയുണര്‍ത്തുന്നു.
കഴിഞ്ഞ ദിവസം നടന്ന പൊതു തെളിവെടുപ്പ് തടസ്സപ്പെടുത്തുന്ന പ്രതിഷേധത്തില്‍ ലീഗിന്റെ പ്രമുഖ നേതാക്കന്മാരാരും രംഗത്തുണ്ടായിരുന്നില്ല. ഖനനത്തിന് ആദ്യം മുതലേ അനുകൂല നിലപാടായിരുന്നു ലീഗ് സ്വീകരിച്ചിരുന്നതെന്നതിന്റെ തെളിവാണ് ഈ കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: