ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും വോട്ടു ചോര്‍ച്ചയുണ്ടായതില്‍ പ്രതിപക്ഷത്ത് നിരാശ. ഇരുപതിലേറെ വോട്ടുകളാണ് പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടത്. പ്രതിപക്ഷത്തെ പത്ത് എംപിമാര്‍ക്ക് വോട്ടുചെയ്യാനായില്ല.
വോട്ടുകളില്‍ ചിലത് രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന വെങ്കയ്യ നായിഡുവിന് ലഭിക്കുകയും ചെയ്തു. പാര്‍ലമെന്റിലെ കക്ഷിനിലയനുസരിച്ച് 495 വോട്ടാണ് വെങ്കയ്യയ്ക്ക് ലഭിക്കേണ്ടത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അഞ്ഞൂറില്‍ താഴെ പിടിച്ചുകെട്ടാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാല്‍ എതിരാളിയായ ഗോപാല്‍ കൃഷ്ണഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ 272 വോട്ടുകളുടെ ഭൂരിപക്ഷമാണ് വെങ്കയ്യ നേടിയത്. വെങ്കയ്യക്ക് 516ഉം ഗോപാല്‍ കൃഷ്ണയ്ക്ക് 244ഉം വോട്ടുകള്‍ ലഭിച്ചു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന മീരാകുമാറിനേക്കാള്‍ കൂടുതല്‍ എംപിമാര്‍ ഗോപാല്കൃഷ്ണക്ക് വോട്ടു ചെയ്തെന്ന് പ്രതിപക്ഷം വിശദീകരിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെഡിയും ജെഡിയുവും ഇത്തവണ ഗോപാല്‍കൃഷ്ണ ഗാന്ധിക്കൊപ്പമായിരുന്നു. ബിജെഡിക്ക് 28ഉം ജെഡിയുവിന് 12ഉം എംപിമാരുണ്ട്. ബിഹാറില്‍ ജെഡിയു എന്‍ഡിഎ സഖ്യത്തിലെത്തിയെങ്കിലും നേരത്തെ ഗോപാല്‍ കൃഷ്ണഗാന്ധിക്ക് പ്രഖ്യാപിച്ചിരുന്ന പിന്തുണ തിരുത്തിയിരുന്നില്ല.
മീരാകുമാറിന് 225 എംപിമാമാരാണ് വോട്ടു ചെയ്തത്. ഇതിനേക്കാള്‍ വെറും 19 കൂടുതല്‍ എംപിമാര്‍ മാത്രമാണ് ഗോപാല്‍ കൃഷ്ണയെ പിന്തുണച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ആറ് വോട്ട് മാത്രമാണ് എന്‍ഡിഎക്ക് നഷ്ടപ്പെട്ടത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ റിഹേഴ്സലായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ രണ്ടിലും പ്രതിപക്ഷത്തിന് തിരിച്ചടിയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: