ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട് മുണ്ടിനെ തോല്‍പ്പിച്ചാണ് അവര്‍ ജേതാക്കളായത്. ഇത് ആറാം തവണയാണ് ഈ കപ്പ് നേടുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ തീരുമാനിച്ചത്.
ഗോള്‍ കീപ്പര്‍ സെന്‍ ഉള്‍റിച്ചിന്റെ മികവാര്‍ന്ന പ്രകടനമാണ് ബയേണിന് കിരീടം സമ്മാനിച്ചത്. മാര്‍ക്ക് ബാര്ട്രയുടെ സഡന്‍ഡത്ത് സ്പോട്ട് കിക്ക് ഉള്‍റിച്ച് രക്ഷപ്പെടുത്തിയതോടെ ബയേണിന് വിജയം ഒരുങ്ങി.
നിശ്ചിത സമയത്ത് രണ്ട് തവണ പിന്നോക്കം പോയ ബയേണ്‍ ശക്തമായ പോരാട്ടത്തില്‍ മുന്നേറിയാണ് സമനില പിടിച്ചത്. മത്സരത്തിന്റെ 71-ാം മിനിറ്റില്‍ ഔബാമെയാങ്ങിന്റെ ഗോളില്‍ ഡോര്‍ട്ട്മുണ്ട് 2-1 ന് മുന്നിലെത്തിയതാണ്. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ഗോള്‍ മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ ലൂക്കാസിന്റെ ബൂട്ടില്‍ നിന്ന് സ്വന്തം പോസ്റ്റിലേക്ക് പന്ത് കയറിയതോടെ മത്സരം സമനിലയായി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അമേരിക്കയുടെ പതിനെട്ടുകാരനായ ക്രിസ്റ്റിയന്‍ പുലിസിക്ക് ഡോര്‍ട്ട്മുണ്ടിനെ മുന്നിലെത്തിച്ചു. ജാവി മാര്‍ട്ടിനസിന്റെ പാസ് സ്വീകരിച്ച പുലിസിക്ക് ഒന്നാന്തരം ഷോട്ടിലൂടെ ബയേണിന്റെ ഗോള്‍വലയിലാക്കി.
ആറു മിനിറ്റുകള്‍ക്കുശേഷം ബയേണിന്റെ ലെവന്‍ഡോസ്ക്കി ഗോള്‍ മടക്കി ടീമിന് സമനില നേടിക്കൊടുത്തു. ജോഷ്വയുടെ പാസ് അനായാസം ഗോള്‍ വര കടത്തിവിട്ടു. മത്സരത്തിന്റെ ആദ്യത്തെ അരമണിക്കൂറില്‍ ഡോര്‍ട്ട്മുണ്ടിന്റെ ഗോളി റോമന്‍ ബൂര്ക്കി ഒട്ടേറെ ഗോളവസരങ്ങള്‍ രക്ഷപ്പെടുത്തി. മുളളറുടെ ഗോളെന്നുറപ്പിച്ച രണ്ട് ഷോട്ടുകളും റൂഡിയുടെയും റിബറിയുടെയും ഷോട്ടുകളും രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: