കോട്ടയം: സര്‍ക്കാര്‍ ഫയലുകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കുന്നതിനും മലയാളം ഔദ്യോഗികഭാഷ പ്രചാരണത്തിനുമായുള്ള ജില്ലാതല ഏകോപനസമിതി യോഗം എഡിഎം കെ. രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ ഓരോ ഓഫീസിലും ജില്ലാ മേധാവിയുടെ അദ്ധ്യക്ഷതയില്‍ രണ്ടുമാസം കൂടുമ്പോള്‍ ഓഫീസ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും ഫയലുകള്‍ 100 ശതമാനവും മലയാളത്തിലാണോ എന്നത് പരിശോധിക്കണമെന്നും എഡിഎം നിര്‍ദ്ദേശിച്ചു. ഓഫീസുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും സീലുകള്‍ ഉണ്ടായിരിക്കണം. ജില്ലാ മേധാവികളുടെ പേര് ഓഫീസിനു മുന്നില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. ഔദ്യോഗിക വാഹനങ്ങളിലെ ബോര്‍ഡുകള്‍ മുന്‍വശം മലയാളത്തിലും പിന്‍വശം ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ്. ലതി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: