തൃശൂര്‍ : ഗുരുവായൂരിലെ വിവാഹ വിവാദത്തില്‍ വാദിയെ പ്രതിയാക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും വിവാഹത്തിലൂടെ തകര്‍ന്നത് തന്റെ ജീവിതമാണെന്നും വിവാഹ വിവാദത്തിലെ നായകന് ഷിജിന്.
വീട്ടുകാര്‍ കണ്ടെത്തി ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന കുറ്റത്തിന് വലിയ വില നല്‍കേണ്ടി വന്നുവെന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിന്റ വെളിപ്പെടുത്തല്‍.
പണം മോഹിച്ചാണ് താന്‍ വിവാഹത്തിന് ഒരുങ്ങിയെന്ന പ്രചാരണത്തിനും ഈ ചെറുപ്പക്കാരന് മറുപടിയുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവരോട് അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന അപേക്ഷയാണ് യുവാവിനുള്ളത്.
സാമൂഹ്യ മാധ്യമങ്ങളില്‍ വിവാഹത്തെക്കുറിച്ചും, പെണ്‍കുട്ടിയെ കുറിച്ചും, വരന്റെ വീട്ടുകാരെ കുറിച്ചും അനുകൂലവും പ്രതികൂലവുമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയെ അപമാനിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും, മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അവകാശപ്പെട്ടുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. വനിതാ കമ്മീഷനും, വിവിധ സംഘടനകളും പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി രംഗത്തു വരുമ്പോള്‍ തന്നെ പ്രതിസ്ഥാനത്തു നിറുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിവാഹ വിവാദത്തിലെ നായകനായ ഷിജിന്റെ പക്ഷം. പെണ്‍കുട്ടിയുടെ സമ്മതപ്രകാരം തന്നെയാണ് വിവാഹത്തിലേക്ക് പ്രവേശിച്ചത്. താന്‍ വാങ്ങി നല്കിയ ഫോണില്‍ വിവാഹ തലേന്നു വരെ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു.
പെണ്‍കുട്ടിയുടെ ഫോണിലേക്ക് കാമുകന് അയച്ച സന്ദേശങ്ങളില്‍ വിവാഹത്തില്‍ നിന്നും പിന്തിരിയാനുള്ള തന്ത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കാമുകനും പെണ്‍കുട്ടിയും ആസൂത്രണം ചെയ്ത കാര്യങ്ങളാണ് വിവാഹ ദിവസം നടന്നതെന്നും ഷിജിന് പറയുന്നു. തര്‍ക്കത്തിനു ശേഷം താന്‍ തിരികെ വാങ്ങിയ ഫോണില്‍ പെണ്‍കുട്ടിയും കാമുകനും തമ്മിലുള്ള സന്ദേശങ്ങളുണ്ടെന്നും ഷിജിന് വ്യക്തമാക്കുന്നു.
സത്യം ഇതായിരിക്കെ തന്നെയും കുടുംബത്തേയും അപമാനിക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, പോലീസ് സ്റ്റേഷനില്‍ ധാരണയായ കാര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്നും, നിയമപരമായി ഈ വിഷയത്തെ നേരിടുമെന്നും ഷിജിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: