നടനത്തിന്റെ ചാരുത ചാര്‍ത്തിയ ഒരു കാലത്തെക്കുറിച്ച് മലയാള സിനിമ പെട്ടെന്നോര്‍ക്കുമ്പോള്‍ തോരാ മഴ പോലെ പെയ്തിറങ്ങുന്ന നനവുപോലെ ചില പേരുകളുണ്ട്, സത്യന്, കൊട്ടാരക്കര, പി.ജെ.ആന്റണി, തിലകന്, മുരളി… അവരുടേത് സിനിമയിലും കഥാപാത്രങ്ങളായും കൂടിയുള്ള ജീവിതമായിരുന്നു. മറ്റുള്ളവര്‍ പലരും താരങ്ങളായി തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രങ്ങളായി പെരുമാറുകയായിരുന്നു. അവര്‍ക്കിടയില്‍ മുരളിയുടെ ഓര്‍മ്മദിനമാണിന്ന്. 2009 ആഗസ്റ്റ് 6നായിരുന്നു ജീവിതത്തോടും നടനത്തോടും ഒരര്‍ധ വിരാമംപോലെ മുരളി യാത്രയായത്.
നാടകത്തിന്റെ ആസ്തിബലത്തിലാണ് മുരളി സിനിമയില്‍ വന്നത്. നാടകം നേരിട്ട് പ്രേക്ഷകനുമായി സംവദിക്കുന്നതു കൊണ്ട് ഇരുത്തം വന്ന കരചലനങ്ങളും ഭാവങ്ങളുമൊക്കെ മുരളിക്കു സിനിമയില്‍ വേഗത്തില്‍ ആധാരമുണ്ടാക്കിക്കൊടുത്തു. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹത്തിലെ പ്രധാന നടനായിരുന്നു മുരളി.
സി.എന്‍.ശ്രീകണ്ഠന് നായരുടെ ലങ്കാലക്ഷ്മി നാടകത്തില്‍ രാവണവേഷത്തില്‍ തകര്‍ത്താടിയിരുന്നു. ഇത്തരം നാട്യത്തിന്റെ ആധാരശിലയാണ് മരിക്കും വരെ അദ്ദേഹത്തെ സിനിമയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. നടനത്തിന്റെ അതിര്‍ത്തി കടക്കാതെയും താരമാകാതെയും മുരളിയെ അവസാനം വരെ പിടിച്ചു നിന്നു.നല്ലവായനക്കാരനും ചിന്തകനും എഴുത്തുകാരനും കൂടിയായിരുന്നു മുരളി. അതിനാല്‍ കഥാപാത്രങ്ങളുടെ ചുറ്റുവട്ടങ്ങളും മനശാസ്ത്രവും അദ്ദേഹത്തിനു വേഗം വഴുങ്ങുമായിരുന്നു.
വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ക്യാരക്റ്റര്‍ റോളുകളിലേക്കും നായകനിലേക്കും വരികയായിരുന്നു മുരളി. 1992 ല്‍ ആധാരത്തിലൂടെ നായകനായി. അങ്ങനെ ഞാറ്റടിയില്‍ തുടങ്ങി മഞ്ചാടിക്കുരു വരെ 155 ചിത്രങ്ങള്‍. ഓരോന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍. ആവര്ത്തനമടുപ്പില്ലാതെ കഥാപാത്രങ്ങലുടെ മനസുകണ്ടഭിനയിച്ചവ. മുരളിയെപ്പോലെ ബുദ്ധിപരമായി ചിന്തിച്ചിരുന്ന നടന്മാര് നമുക്കുകുറവാണ്.
പുരസ്ക്കാരങ്ങളുടെ പൂരംതന്നെയുണ്ട് മുരളി എന്ന നടന്റെ കൂടെ. ആധാരത്തിലെ അഭിനയത്തിനാണ് ആദ്യ പുരസ്ക്കാരം. പിന്നീട് നെയ്ത്തുകാരനില്‍ ദേശീയ പുരസ്ക്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: