ആലപ്പുഴ: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് നഗരത്തില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. നഗരത്തില്‍ ബസുകളുടെ വേഗപരിധി മണിക്കൂറില്‍ 35 കിലോമീറ്ററാണ്. എന്നാല്‍ സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും ഈ പരിധി പാലിക്കാറില്ലെന്നാണ് പരാതി. ബസ് സ്റ്റോപ്പുകളില്‍ ആവശ്യത്തിലധികം സമയം ചിലവിട്ട് ആളുകളെ കയറ്റിയശേഷം റോഡില്‍ ചീറിപ്പാഞ്ഞാണ് ബസുകള്‍ സമയനഷ്ടം പരിഹരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസുകളെയും മറ്റു വാഹനങ്ങളെയും മറികടന്ന് റോഡിലൂടെ പായുന്ന ബസുകളുടെ അമിത വേഗം മൂലം നിരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതു പതിവായിരിക്കുകയാണ്. ബസുകളുടെ വേഗം കൃത്യമായി രേഖപ്പെടുത്തുന്ന ഇന്റര്‍സെപ്റ്റര്‍ ആവശ്യത്തിനു ഇല്ലാത്തതുകൊണ്ടാണ് മരണപ്പാച്ചിലിനു പൂട്ടിടാന്‍ കഴിയാത്തതെന്നാണ് പോലീസ് ഭാഷ്യം.
ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ഹൈവേയിലും വാഹന പരിശോധനയ്ക്കായി ഇന്റര്‍സെപ്റ്റര്‍ കൊണ്ടുപോകുന്നതിനാല്‍ സ്വകാര്യ ബസുകളുടെ വേഗ പരിശോധനയ്ക്കായി ഇവ ലഭ്യമല്ലത്രേ. അതിനാല്‍ തന്നെ വേഗ പരിധി ലംഘിച്ചതായി പോലീസിനു തെളിയിക്കാനുമാകുന്നില്ല. വാതിലുകള്‍ അടച്ച് സര്‍വീസ് നടത്തണമെന്ന ് നിയമമുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ ഇത് പാലിക്കാറില്ല. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കു വാതില്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച് നല്‍കിയിരുന്ന ഇളവ് എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഡോറില്ലാതെ തന്നെയാണ് ബസുകള്‍ ചീറിപ്പായുന്നത്.
അമിത വേഗത്തില്‍ പായുന്ന ബസില്‍ നിന്നും യാത്രക്കാര്‍ പലപ്പോഴും തെറിച്ച് പുറത്തേക്ക് വീഴാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്. കഴിഞ്ഞദിവസം ഇരുമ്പു പാലത്തിനു സമീപം അമിത വേഗത്തിലോടിയ ബസില്‍ നിന്നും തെറിച്ചു വീണ് യുവതിക്ക് കഴിഞ്ഞദിവസം ഗുരുതരമായി പരിക്കേറ്റിരുന്നു. സ്റ്റോപ്പ് നിര്‍ദേശിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ബസ് നിര്‍ത്തുന്നതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതും പതിവായിരിക്കുകയാണ്്. ഇലക്ട്രോണിക്സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക് ഡോറുകള്‍ ജില്ലയിലെ എല്ലാ സ്വകാര്യ വാഹനങ്ങളിലും നിര്‍ബന്ധമാക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: