ലണ്ടന്‍: ദീര്‍ഘദൂര ഓട്ടത്തിലെ പ്രതാപത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്ന് മോ ഫറ തെളിയിച്ചു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ 10,000 മീറ്ററില്‍ സ്വര്‍ണം നേടി അവസാന ലോക മീറ്റ് അവിസ്മരണീയമാക്കി ഈ ബ്രിട്ടീഷ് അത്ലറ്റ്. തുടരെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പിലാണ് ഈ സുവര്‍ണനേട്ടം. ഇനി 5,000 മീറ്ററില്‍ കൂടി സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങും ഇദ്ദേഹം.
2012 ഒളമ്പിക്സില്‍ താന്‍ വിസ്മയം സൃഷ്ടിച്ച ട്രാക്കില്‍ 26 മിനിറ്റ് 49.53 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഫറ സ്വര്‍ണം നേടിയത്. ഉഗാണ്ടയുടെ ജോഷ്വ കിപ്രുയി ചെപെഗെയി (26:49.94) വെള്ളിയും കെനിയയുടെ പോള്‍ കിപ്ഗെറ്റിച്ച് തനൂയി (26: 50.60) വെങ്കലവും നേടി. ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലുമായി ഫറയുടെ പത്താമത്തെ സ്വര്‍ണമാണിത്.
ലണ്ടനിലും റിയൊയിലും 5,000, 10,000 മീറ്ററുകളില്‍ സ്വര്‍ണം നേടി. 2011 ദേഗു ലോക ചാമ്പ്യന്‍ഷിപ്പില്‍ 5,000ത്തില്‍ സ്വര്‍ണം നേടിയെങ്കിലും 10,000ത്തില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ബ്രിട്ടീഷ് താരത്തിന്.
തുടര്‍ന്ന് മോസ്കോ, ബീജിങ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ടിനങ്ങളിലും സ്വര്‍ണം നേടി. ഇവിടെ 5,000ത്തിലും സ്വര്‍ണം നേടാനായാല്‍ തുടരെ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ 5,000, 10,000 മീറ്ററുകളില്‍ സ്വര്‍ണം നേടി അപൂര്‍വ ട്രിപ്പിളിന് ഉടമയാകും ഫറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: