കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ നേതൃത്വം സ്വീകരിക്കുന്ന സമാധാന ശ്രമങ്ങള്‍ താഴെതട്ടിലെത്തിക്കാന്‍ ബിജെപി, സിപിഎം നേതൃത്വം മുന്‍കയ്യെടുക്കും. ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് പത്ത് ദിവസത്തിനകം സമാധാന നീക്കങ്ങള്‍ താഴെതട്ടിലെത്തിക്കുകയെന്നതായിരുന്നു. പാര്‍ട്ടികള്‍ നേതൃതലത്തില്‍ ചര്‍ച്ച ചെയ്ത് സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടും സംഘര്‍ഷത്തിന് അറുതി വരാത്ത സാഹചര്യത്തിലാണ് പത്ത് ദിവസത്തിനകം സമാധാന നിര്‍ദ്ദേശങ്ങള്‍ താഴെ തട്ടിലെത്തിക്കാനും പ്രാവര്‍ത്തികമാക്കാനും ധാരണയായത്. സമാധാന യോഗങ്ങള്‍ ചേര്‍ന്നതിന് ശേഷം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്ന തലശ്ശേരിയിലും പയ്യന്നൂരിലും സമാധാന യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനമെടുത്തിട്ടുണ്ട്. തലശ്ശേരിയില്‍ സമാധാന അന്തരീക്ഷം നിലനല്‍ക്കെയാണ് അണ്ടല്ലൂരില്‍ ബിജെപി പ്രവര്ത്തകന് സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ബിജുവിനെ ബൈക്കില്‍ യാത്രചെയ്യവെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയതും സമാധാന അന്തരീക്ഷം നിലനില്‍ക്കെയായിരുന്നു. സംഘര്ഷങ്ങളില്ലാത്തസാഹചര്യത്തിലും ആസൂത്രിത കൊലപാതകങ്ങള്‍ നടക്കുന്നത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് എത്രയും വേഗം സമാധാനത്തിനുള്ള ആഹ്വാനം പാര്‍ട്ടികളുടെ താഴെതട്ടിലുള്ള ഘടകങ്ങളിലെത്തിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ച സൗഹാര്ദ്ധപരമായിരുന്നുവെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. ചെറിയ സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാനും തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനമായിട്ടുണ്ട്. കൊലപാതകങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനം സാധ്യമാകണമെന്നുമാണ് ഉഭയകക്ഷി യോഗത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രതികരിച്ചത്.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹപ്രാന്തസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂധനന്, തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി.പവിത്രന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: