കണ്ണൂര്‍: അജ്ഞാതനെന്ന് കരുതി പോലീസ് സംസ്കരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് നല്കി. കണ്ണൂര്‍ കണ്ണോത്തുംചാല്‍ മാണിക്കക്കാവിന് സമീപം ഇസ്മായീല്‍-ഖദീജ ദമ്പതികളുടെ മകന് ഇര്‍ഫാന്റെ(22) മൃതദേഹമാണ് അജ്ഞാതനെന്ന് കരുതി പോലീസ് സംസ്കരിച്ചത്. ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് സംസ്കരിച്ചത്. കഴിഞ്ഞ 31 മുതലാണ് ഇര്‍ഫാനെ കാണാതായത്. ബന്ധുക്കള്‍ അന്നുതന്നെ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ടൗണ്‍ സ്റ്റേഷന് പരിധിയില്‍ ട്രെയിനിടിച്ച് മരിച്ച അജ്ഞാതനെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഇവര്‍ എത്തുമ്പോഴേക്കും പോലീസ് പയ്യാമ്പലത്ത് മൃതദേഹം സംസ്കരിച്ചിരുന്നു. വസ്ത്രങ്ങളും ചെരിപ്പും തിരിച്ചറിഞ്ഞാണ് മരിച്ചത് ഇര്‍ഫാനാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചത്. കഴിഞ്ഞ 1 നാണ് താഴെചൊവ്വക്ക് സമീപം കിഴുത്തള്ളി റെയില്‍വേ ട്രാക്കില്‍ ഇയാള്‍ ട്രെയിന്‍ തട്ടിമരിച്ചത്. അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത പോലീസ് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നുവെങ്കിലും യുവാവിനെ കാണാതായെന്ന പരാതിയില്‍ ബന്ധുക്കളുമായി ബന്ധപ്പെടാത്തതാണ് മൃതദേഹം സംസ്കരിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: