ന്യൂദല്‍ഹി: ഉജ്ജ്വല വിജയം, അറുപത്തെട്ടു ശതമാനം വോട്ടുകള്‍, 272 വോട്ടുകളുടെ ഭൂരിപക്ഷം, പ്രതിപക്ഷ നിരയില്‍ നിന്ന് സ്വന്തമാക്കിയത് ഇരുപതോളം വോട്ടുകള്‍…
മുപ്പരവപു വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിനഞ്ചാമത് ഉപ രാഷ്ട്രപതി. രാജ്യത്തെ നയിക്കാനുള്ള നിയോഗവുമായി ഉന്നതപദവിയിലേക്ക് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കണ്ണിയില്‍ ഒരാള്‍കൂടി…
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ നേടിയാണ് എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദത്തില്‍ എത്തിയത്.
വെങ്കയ്യ 516 വോട്ടുകളും (68 ശതമാനം) ഗോപാല്‍ കൃഷ്ണ 244 വോട്ടുകളും (32 ശതമാനം) നേടി. 272 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വെങ്കയ്യയുടെ മിന്നല്‍ വിജയം. 381 വോട്ടാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്.
വിജയം ഉറപ്പായിരുന്നെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ അഞ്ഞൂറില്‍ താഴെ ഒതുക്കാനായിരുന്നു പ്രതിപക്ഷലക്ഷ്യം. ഇത് വിജയിച്ചില്ലെന്നു മാത്രമല്ല, വോട്ടുകള്‍ ചോരുകയും ചെയ്തു. പ്രതിപക്ഷ ഐക്യനിര എന്ന കോണ്‍ഗ്രസ് -ഇടത് മോഹത്തിനും തിരിച്ചടിയേറ്റു. വിജയം എന്‍ഡിഎയുടെ പ്രതീക്ഷയ്ക്കും മുകളിലാണ്.
785 എംപിമാരില്‍ 771 പേര് വോട്ട് ചെയ്തു. 98. 21 ശതമാനമായിരുന്നു പോളിങ്. 11 വോട്ടുകള്‍ അസാധുവായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ 14 എംപിമാര്‍ക്ക് പല കാരണങ്ങളാല്‍ വോട്ടു ചെയ്യാനായില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് വിമാനം വൈകിയതിനാല്‍ വോട്ടു ചെയ്യേണ്ട സമയത്ത് മുസ്ലിം ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എത്തിയില്ല.
ആശുപത്രിയിലായതിനാല്‍ ബിജെപി എംപിമാരായ സന്‍വാര്‍ലാല്‍ ജാട്ട്, വിജയ് ഗോയല്‍ എന്നിവരും വോട്ടു ചെയ്തില്ല. എംപി സ്ഥാനം രാജിവെയ്ക്കാത്തതിനാല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വോട്ടു െചയ്തു. രാവിലെ പത്ത് മുതല്‍ അഞ്ച് വരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ 90 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: