തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഐടി പരിഷ്ക്കരണത്തിനുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ തഴഞ്ഞ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്. കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ടെണ്ടര്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി കരാര്‍ നല്‍കിയത്.
കെഎസ്ആര്‍ടിസിയില്‍ ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതോടൊപ്പം എല്ലാ ഡിപ്പോകളിലും കമ്പ്യൂട്ടര്‍ സംവിധാനവും ഒരുക്കുന്നതാണ് പദ്ധതി. ഇതിലൂടെ ഇലക്ട്രോണിക് ടിക്കറ്റ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കും.
ഏപ്രിലിലായിരുന്ന ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്. പദ്ധതിക്കായി കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കെല്‍ട്രോണ്‍, സിഡ്കോ, എന്‍ഐസി, സിഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചത്.
ഇതിനിടയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സ്വാധീനത്താല്‍ പട്ടികയില്‍ ഇടംപിടിച്ചു.
സൊസൈറ്റിക്ക് യുഎല്‍ടിഎസ് എന്ന ഐടി വിഭാഗം ഉണ്ടെന്നും ഇത്തരം കരാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ടെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കെല്‍ട്രോണ്‍, സിഡിറ്റ്, ഊരാളുങ്കല്‍ എന്നിവയാണ് അവസാനവട്ട പട്ടികയില്‍ ഇടം പിടിച്ചത്. മെയ് 15ന് ടെക്നിക്കല്‍ പരിശോധന നടത്തി.
തിരുവനന്തപുരത്ത് നിന്ന് പൊന്മുടിയിലേക്കുള്ള ബസില്‍ ഇലക്ട്രോണിക് മെഷിനില്‍ നിന്ന് ടിക്കറ്റ് നല്‍കിയാണ് പരിശോധന. ഇതില്‍ മൂന്ന് സ്ഥാപനങ്ങളും പരാജയപ്പെട്ടു.
കെല്‍ട്രോണ്‍ നല്കിയ മെഷീനില്‍ പേപ്പര്‍ കുരുങ്ങി എന്നായിരുന്നു വിശദീകരണം.
തുടര്‍ന്ന് മൂന്ന് സ്ഥാപനങ്ങളെയും വീണ്ടും പരിശോധനയ്ക്ക് വിളിച്ചു. ഇതില്‍ സിഡിറ്റ് പരാജയപ്പെട്ടു. അടുത്ത നടപടിക്രമങ്ങള്‍ക്കായി കെല്‍ട്രോണിനെയും ഊരാളുങ്കല്‍ സൊസൈറ്റിയെയും സാമ്പത്തിക കരാറിലേക്ക് കത്ത് അയയ്ച്ച് വിളിച്ചുവരുത്തി. ഇരുസ്ഥാപനങ്ങളില്‍ നിന്നും നിരക്ക് സംബന്ധിച്ച് രഹസ്യ കരാറും വാങ്ങിയിരുന്നു.
കരാര്‍ നടപടികള്‍ക്കായി ചീഫ് ഓഫീസില്‍ എത്തിയപ്പോള്‍ ടെക്നിക്കല്‍ പരിശോധനയില്‍ കെല്‍ട്രോണ്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കരാര്‍ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്നു ഫിനാന്‍സ് കണ്ട്രോളറും, എക്സിക്യൂട്ടീവ് ഡയറക്ടറും അറിയിക്കുകയായിരുന്നു. അങ്ങനെയെങ്കില്‍ തങ്ങള്‍ നല്കിയ കരാര്‍ തുറക്കരുതെന്നും കെല്‍ട്രോണ്‍ അറിയിച്ചു.
അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഒരു ടിക്കറ്റിന് 25 പൈസ നിരക്കില്‍ നല്‍കണമെന്നാണ് സൊസൈറ്റിയുമായുള്ള കരാര്‍ ശരാശരി 125 കോടിയുടെ കരാര്‍. ഇതിലും കുറഞ്ഞ നിരക്കാണ് ് തങ്ങള്‍ നല്‍കിയതെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. കെല്‍ട്രോണ്‍ നല്കിയ നിരക്ക് അനുസരിച്ച് ഒരു വര്‍ഷം ഏഴ് കോടി രൂപ അധികമായി കെഎസ്ആര്‍ടിസി സൊസൈറ്റിക്ക് നല്‍കണം. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് 35 കോടി രൂപയുടെ അധിക ബാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: