വാഷിങ്ടണ്‍: അമേരിക്കന്‍ പൗരന്മാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ഉത്തരകൊറിയ. നല്ല ഉദ്ദേശത്തോടെയാണ് തങ്ങളുടെ രാജ്യം സന്ദര്ശിക്കാനെത്തുന്നതെങ്കില് അമേരിക്കന്‍ പൗരന്മാര്ക്ക് സ്വാഗതമെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
അതിശക്തവും സ്ഥിരതയാര്‍ന്നതുമാണ് ഉത്തരകൊറിയന്‍ ഭരണസംവിധാനം. അതുകൊണ്ട് തന്നെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളൊന്നും വിദേശ സഞ്ചാരികള്‍ക്ക് വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.
യു.എസ് പൗരത്വമുള്ളവര്‍ക്ക് ഉത്തര കൊറിയയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് സെപ്തംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.
ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിനിടെ, അമേരിക്കക്കാരനായ ഓട്ടൊ വാംബിയര്‍ എന്ന വിദ്യാര്‍ത്ഥി തടവിലാക്കപ്പെട്ടിരുന്നു. പിന്നീട് മോചിതനായെങ്കിലും അബോധാവസ്ഥയില്‍ തിരിച്ചെത്തിയ ഇയാള്‍ മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലാണ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തങ്ങളുടെ പൗരന്മാര്ക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉത്തര കൊറിയയിലുള്ള യു.എസ് പൗരന്മാര് സെപ്തംബര്‍ ഒന്നിനകം രാജ്യം വിടണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: