കല്‍പ്പറ്റ: വയനാട്ടില്‍ മാനന്തവാടിക്കടുത്ത് പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകളും ലഘുലേഖകളും ബാനറും. സ്ഥലത്തെ ഒരു കടയുടെ ഭിത്തിയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കുപ്പുദേവരാജന്റെയും അജിതയുടെയും ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു.
ജൂലൈ 28ന് രക്തസാക്ഷിദിനമെന്ന് എഴുതിയ ബാനറും അടുത്തുതന്നെയുണ്ട്. കാട്ടുതീയുടെ പേരിലുള്ള ലഘുലേഖകളാണ് കണ്ടെത്തിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കംചെയ്തു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് പ്രദേശവാസികള്‍ പോസ്റ്ററുകള്‍ കണ്ടത്.
ലഘുലേഖ ഒഴികെയുള്ളത് എഴുതി തയ്യാറാക്കിയതാണ്. ധീര രക്തസാക്ഷികളുടെ ആശയങ്ങളെ ഉയര്‍ത്തിപിടിക്കാനും പുത്തന്‍ ജനാധിപത്യ വിപ്ലവ പൂര്‍ത്തീകരണത്തിന് ജനകീയ യുദ്ധപാതയില്‍ അണിചേരാനും ആഹ്വാനം ചെയ്യുന്നു.
മാവോവാദികള്‍ ഭീകരവാദികളല്ല, ഇവരെ കൊല്ലുന്നത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണെന്നും പോസ്റ്ററിലുണ്ട്. ഈ ഭാഗങ്ങളില്‍ മുന്‍പും മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: