കണ്ണൂര്‍: അഭിഭാഷക സ്വത്ത് തട്ടിയെടുത്ത കേസില്‍ ഇരയായ പരേതനായ ബാലകൃഷ്ണന്റെ പിതാവായ ഡോക്ടര്‍ക്ക് 250 കോടിയുടെ സ്വത്തുണ്ടെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍. തളിപ്പറമ്പിലെ സാധാരണക്കാരന്റെ ഡോക്ടറായിരുന്നു തൃച്ഛംബരത്തെ ക്യാപ്റ്റന്‍ പി.കുഞ്ഞമ്പു നായര്‍. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം നാട്ടില്‍ ജനകീയ ഡോക്ടറെന്ന പേരു നേടിയത്.
1984ല്‍ ഭാര്യയുടെ മരണ ശേഷം ഡോക്ടര്‍ ചെന്നൈക്ക് പോയി. 1992ല്‍ അദ്ദേഹം മരിച്ചു. ഡോക്ടറുടെ കുടുംബത്തിന് തളിപ്പറമ്പ് നഗരപരിസരത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഇതില്‍ ഡോക്ടറുടെ മകന് സഹകരണ വകുപ്പ് റിട്ട.ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ഭാഗം തട്ടിയെടുക്കാന്‍ പയ്യന്നൂരിലെ കെ.വി.ശൈലജയെന്ന അഭിഭാഷകയും ഭര്‍ത്താവും നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പരിയാരം അമ്മാനപ്പാറ കരോട്ടി സര്ജന്കട്ടില് 16 ഏക്കര്‍ കൃഷിത്തോട്ടം (ഇതില്‍ 6 ഏക്കര്‍ ഭൂമി കൈമാറി), തളിപ്പറമ്പ് പട്ടുവത്ത് പത്തേക്കര്‍ കൈപ്പാട് ഉള്‍പ്പെടുന്ന 22 ഏക്കര്‍ വീടുള്‍പ്പെടെയുളള സ്ഥലം, പറശ്ശിനിക്കടവ് ആന്തൂരില്‍ നാലേക്കര്‍, കുറുമാത്തൂരില്‍ മൂന്നേക്കര്‍, തളിപ്പറമ്പ് നഗരത്തിലെ തേക്കിന്‍തോട്ടവും കോടിക്കണക്കിന് വില വരുന്ന വീട് ഉള്‍പ്പെടുന്ന 18.34 ഏക്കര്‍ സ്ഥലവും ഡോക്റുടേതാണ്.
തിരുവനന്തപുരം പേട്ടയില്‍ വീടുവച്ച് താമസിക്കുകയായിരുന്ന ബാലകൃഷ്ണന് അവിവാഹിതനായിരുന്നു. ഡോ.കുഞ്ഞമ്പു നായര്‍ക്ക് ഏഴുമക്കളാണ് ഉണ്ടായിരുന്നത്. കെ.വി.ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവരാണ് സ്വത്തു തട്ടാന്‍ ഗൂഢാലോചന നടത്തിയത്. സ്വത്തു തട്ടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ബാലകൃഷ്ണന് മരിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞത്. 1980 ല്‍ ബാലകൃഷ്ണനെ ശൈലജയുടെ സഹോദരി ജാനകി വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
സമിതി കണ്‍വീനര്‍ പത്മന് കോഴൂര്‍ സമര്‍പ്പിച്ച ഹരജിയില്‍ പയ്യന്നൂരിലെ അഭിഭാഷക കെ.വി.ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍, ശൈലജയുടെ സഹോദരി ജാനകി, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് പയ്യന്നൂര്‍ കോടതി ഉത്തരവിടുകയായിരുന്നു. തളിപ്പറമ്പില്‍ ദേശീയപാതയോരത്തെ 3.75 ഏക്കര്‍ സ്ഥലത്ത് വിശാലമായ മുറ്റവും കാര്പോര്ച്ചുമുള്പ്പെടെയുള്ള വീട് കാടുകയറിക്കിടക്കുകയാണ്. സ്ഥലമുടമകളുമായി ബന്ധമൊന്നുമില്ലാത്ത ചിലര്‍ മരംമുറിച്ചു കടത്താന്‍ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
നാട്ടുകാര്‍ അപരിചിതരായവരെ തടഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് നാട്ടുകാര്‍ക്ക് ബോധ്യമാകുന്നതും പരാതിയുമായി പോകുന്നതും. 2011 സെപ്തംബര്‍ 11ന് രാത്രി തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്കിടെ ബാലകൃഷ്ണന് മരിച്ചതായാണ് രേഖകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: