പെരിയാട്ടടുക്കം: പനയാല്‍, കാട്ടിയടുക്കത്തെ ദേവകി (65)യെ വീട്ടിനകത്തു കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് ക്യാമ്പ് ഓഫീസ് തുറന്നു. ദേവകിയുടെ വീട്ടില്‍ നിന്നു വിളിപ്പാടകലെയുള്ള വീട്ടിലാണ് ക്യാമ്പ് ഓഫീസ് തുറന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇവിടം കേന്ദ്രീകരിച്ച് മുഴുവന്‍ സമയ അന്വേഷണമാണ് നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ലോക്കല്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ഓരോരുത്തരെയും ക്യാമ്പിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ലോക്കല്‍ പോലീസ് രേഖപ്പെടുത്തിയ മൊഴികളെയെല്ലാം അവഗണിച്ച്, പുതിയ മൊഴികളാണ് രേഖപ്പെടുത്തുന്നത്.
മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം എല്ലാവരും നല്കിയ മൊഴികള്‍ വിശകലനം ചെയ്ത്, ആവശ്യമെന്നു തോന്നുന്നവരെ ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിക്കും. ഇതോടെ കോളിളക്കം സൃഷ്ടിച്ച, സങ്കീര്‍ണ്ണമായ കൊലക്കേസിനു തുമ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരില്‍ നിന്നുമെത്തിയ ക്രൈംബ്രാഞ്ച് സംഘം.
ഇക്കഴിഞ്ഞ ജനുവരി 13ന് രാത്രിയിലാണ് പനയാല്‍, കാട്ടിയടുക്കത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ദേവകി കൊല്ലപ്പെട്ടത്. അടച്ചുറപ്പില്ലാത്ത വീട്ടിനകത്ത് പായയില്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു ജഡം. തലേനാള്‍ രാത്രി നടന്ന കൊലപാതക വിവരം പിറ്റേന്ന് വൈകുന്നേരമാണ് നാടറിഞ്ഞത്. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന്റെ നിര്‍ദ്ദേശ പ്രകാരം ലോക്കല്‍ പോലീസിന്റെ പ്രത്യേക സംഘം മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: