തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളിലെയും എല്ലാവിഭാഗം ജീവനക്കാരുടെയും പെന്ഷന് 3000 രൂപയായി വര്‍ദ്ധിപ്പിച്ചു.നിലവില്‍ ഇത് യഥാക്രമം 1500 ഉം 2000 ഉം ആയിരുന്നു.
സഹകരണ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിരുന്ന 5 ശതമാനം ക്ഷാമബത്ത 7 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ടു വിഭാഗങ്ങളിലെയും കുടുംബ പെന്ഷന് 2000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് 1000 ഉം ജില്ലാ-സംസ്ഥാന ബാങ്കുകളില്‍ 1500 ഉം ആയിരുന്നു. പെന്ഷണര് മരണപ്പെട്ടാല്‍ ആശ്രിത പെന്ഷന് 50 ശതമാനമായിരുന്നു നല്കിവന്നത്.
എന്നാല്‍ പെന്ഷണര് മരണപ്പെട്ട് 7 വര്‍ഷം കഴിയുംവരെയോ,അല്ലെങ്കില്‍ ആശ്രിതര്‍ക്ക് 65 വയസ് തികയും വരെയോ (ആദ്യം എത്തുന്നത് അനുസരിച്ച്) മുഴുവന്‍ പെന്‍ഷനും നല്‍കാനും തീരുമാനിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് 50 ശതമാനമാവും.
പെന്ഷന് ബോര്‍ഡിലേക്ക് അടയ്ക്കേണ്ട വിഹിതത്തില്‍ കുടിശിക വരുത്തിയാല്‍ കുടിശിക തുകയ്ക്ക് നല്‍േകണ്ട പലിശ 24 ശതമാനത്തില്‍ നിന്ന് 10 ആയി കുറച്ചു. ക്രമപ്രകാരം പെന്ഷന് വിഹിതം അടയ്ക്കാതിരുന്ന ജീവനക്കാര്‍ക്ക് നല്കി വന്നിരുന്ന സമാശ്വാസ പെന്ഷന് 1000 ല്‍ നിന്ന് 1250 ആക്കി ഉയര്‍ത്തി.
പെന്ഷന് നിര്‍ണയത്തിനുള്ള സേവന കാലാവധി നിശ്ചയിക്കുമ്പോള്‍ പ്രൊബേഷന്‍ കാലാവധി കൂടി കണക്കിലെടുക്കും. സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഏറെക്കാലമായുള്ള ആവശ്യങ്ങളാണ് നിറവേറ്റപ്പെടുന്നതെന്നും കടകംപള്ളി പറഞ്ഞു.
സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍, സഹകരണസംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക,സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ബോര്‍ഡ് ചെയര്മാന് സി. ദിവാകരന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: