ന്യൂദല്‍ഹി: ഭീകരാക്രമണക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ സൗജന്യമായി സുരക്ഷ വാഗ്ദാനം ചെയ്ത സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കേരളത്തിന്റെ നിര്‍ദ്ദേശം തള്ളിയ കോടതി സംസ്ഥാന സര്‍ക്കാരിനെ കണക്കിന് വിമര്‍ശിച്ചു.
മദനിയെ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന കര്‍ണാടകം തന്നെ സുരക്ഷ നോക്കിയാല്‍ മതിയെന്നും കേരളം ഇടപെടേണ്ടെന്നും കോടതി വ്യക്തമാക്കി. കര്‍ണ്ണാടകത്തിന്റെ കസ്റ്റഡിയിലുള്ള പ്രതിക്ക് സുരക്ഷയൊരുക്കാന്‍ കേരളത്തിന് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. കര്‍ണ്ണാടക പോലീസ് ആവശ്യപ്പെട്ടാല്‍ മാത്രം കേരളം അധിക സുരക്ഷ നല്കിയാല് മതി.
മദനിയെ മുന്‍നിര്‍ത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച പിണറായിക്ക് കോടതി പരാമര്‍ശം നാണക്കേടായി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ പോകുന്നതിനുള്ള സുരക്ഷാ ചെലവിലേക്ക് 15 ലക്ഷം രൂപ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സൗജന്യമായി സുരക്ഷയൊരുക്കാന്‍ തയ്യാറാണെന്ന് കേരളത്തിന്റെ അഭിഭാഷകന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ടിഎയും ഡിഎയും മാത്രം ഉള്‍പ്പെടുത്തി പുതിയ വിവരങ്ങള്‍ ഇന്ന് സമര്‍പ്പിക്കാനും ഉത്തരവിട്ടു. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒരു ദിവസം 8400 രൂപ നല്‍കണമെന്ന് കര്‍ണാടകം ചൂണ്ടിക്കാട്ടി. ഇത്രയും തുക നല്കാന് പോലീസുകാരുടെ തൊഴില്‍ ദാതാവല്ല മദനിയെന്നും സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.
വിധി അട്ടിമറിക്കാനാണ് ശ്രമം. ഉത്തരവുകളെ കുറേക്കൂടി ഗൗരവത്തോടെ കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഏത് സ്ഥാപനത്തോടാണ് കളിക്കുന്നതെന്ന് അറിയാമോ എന്ന താക്കീതും ബെഞ്ച് നല്കി. എന്നാല്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരമുള്ള ചെലവാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: