ചെറുപുഴ: കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകനെ സ്ഥലം മാറ്റി. മലയോര മേഖലയിലെ നൂറുകണക്കിന് കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത കോഴിച്ചാല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകനെ മാറ്റിയത് കായികതാരങ്ങള്‍ക്ക് തിരിച്ചടിയായി മാറി. വര്‍ഷങ്ങളായി അത്ലറ്റിക്സിലും നീന്തലിലും കിരീടം കരസ്ഥമാക്കുന്ന കായികതാരങ്ങള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. നാഥനില്ലാത്ത അവസ്ഥയിലായി. കേരളത്തില്‍ എവിടെ കായിക മത്സരങ്ങള്‍ നടന്നാലും ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരാളെങ്കിലും പങ്കെടുക്കാറുണ്ട്. അതിന് ഇവരെ പ്രാപ്തരാക്കിയത് ഇവിടുത്തെ കായികാധ്യാപകനായ സജി മാസ്റ്ററാണ്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പലരും ഇന്ന് ഉന്നത ശ്രേണിയിലെത്തിയിട്ടുമുണ്ട്.
ഒരാഴ്ച മുന്‍പാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ അധ്യാപകനെ ഈ സ്കൂളില്‍ നിന്നും മണക്കടവ് സ്കൂളിലേക്ക് സ്ഥലം മാറ്റിയത്. ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യണമെന്ന ഉത്തരവ് വന്നതില്‍ തന്നെ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വന്തമായി ഒരു സ്വിമ്മിംഗ് പൂള് ഇല്ലാതിരുന്നിട്ടും കോഴിച്ചാല്‍ പുഴയില്‍ നീന്തിപ്പഠിച്ച് കാല് നൂറ്റാണ്ടായി ചാമ്പ്യന്‍ഷിപ്പ് നേടിയതാണ് ഈ കലാലയം. ഇതുകൂടാതെ കണ്ണൂര്‍ റവന്യൂ ജില്ലാ അത്ലറ്റിക് കായികമേളയില്‍ തുടര്‍ച്ചയായി എട്ട് തവണ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. ഇവിടെ പഠിച്ച് പരിശീലനം നേടിയ കുട്ടികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്വരെ പങ്കെടുത്തിട്ടുണ്ട്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇരുന്നൂറ് കുട്ടികളുണ്ടാകണം എന്ന നിയമം ഉപയോഗിച്ചാണത്രേ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. പകരം ഒരു അധ്യാപകനെ നിയമിക്കാനും വകുപ്പില്ലത്രേ. അടുത്ത കായിക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കേണ്ട ഈ സമയത്ത് ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം കുട്ടികളുടെ ഭാവിയെ തെല്ലൊന്നുമല്ല ബാധിക്കുക. കലാകായിക മേഖലയുടെ വളര്‍ച്ചയ്ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ സ്വീകരിച്ച ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങുകയാണ് തദ്ദേശ വാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: