നെടുങ്കണ്ടം: വാട്ടര്‍ അതോറിറ്റി റോഡ് തകര്‍ക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. താന്നിമൂട്ടില്‍ കല്ലാറിന് കുറുകെ പാലം വന്നതോടെ നെടുങ്കണ്ടം താന്നിമൂട് റോഡ് തിരക്കുള്ള റോഡായി മാറി. നെടുങ്കണ്ടത്തേയ്ക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന് ഉള്ളതും ഈ റോഡില്‍ കൂടിയാണ്. നിരന്തരം പൈപ്പില്‍ ഉണ്ടാവുന്ന പൊട്ടല്‍ മൂലം റോഡ് തകരുന്നത് ഗതാഗത തടസത്തിന് കാരണമായിരിക്കുകയാണ്.
വാട്ടര്‍ അതോറിറ്റി പൈപ്പ്ലൈന് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സുരക്ഷിതമായ മറ്റൊരു വഴിയിലൂടെ പൈപ്പ്ലൈന് ഇടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇടുങ്ങിയ റോഡില്‍ രണ്ടു വാഹനങ്ങള്‍ എതിര്‍ദിശയില്‍ വന്നാല്‍ സൈഡ് കൊടുക്കാന്‍ തന്നെ കഷ്ട്ടപ്പെടുന്ന സ്ഥിതിയുണ്ട്. റോഡിന്റെ മിക്കഭാഗങ്ങളിലും ടാറിങ് വീതിമാത്രമേയുള്ളൂ. ഇപ്പോള്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതും ഈ അഞ്ചര മീറ്ററിനുള്ളില്‍ തന്നെ.
ഉടന്‍തന്നെ റോഡ് ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു. അതിനാലാണ് വേഗത്തില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നത്. പിന്നീട് പൈപ്പ്ലൈന് കമ്മീഷന് ചെയ്യുമ്പോള്‍ മുതല്‍ വീണ്ടും റോഡ് കുത്തിപ്പൊളിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഈ റോഡിന്റെ ഒരുവശം ടെലിക്കോം വകുപ്പ് കുഴിച്ചിട്ട് ആറുമാസം പോലുമായില്ല.
റോഡ് അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്ന് നിരവധി തവണ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടെന്നും സഹകരിക്കുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ അനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. പഞ്ചായത്ത് സ്കൂള്‍, വി എച്ച്എസ്ഇ / ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരത്തുള്ള റോഡ് സൈഡ് ലക്ഷങ്ങള്‍ മുടക്കി ആറുമാസം മുന്‍പ് മാത്രം കോണ്‍ക്രീറ്റ് ചെയ്തത് .
ഇവിടം ജെസിബി ഉപയോഗിച്ച് മാന്തിയിളക്കി താറുമാറാക്കി. ടാറിങ് തകര്‍ത്തുകൊണ്ട് പൈപ്പ്ലൈന് സ്ഥാപിക്കുന്നത് അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്നും റോഡ് അളന്ന് തിട്ടപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: