മുണ്ടക്കയം ഈസ്റ്റ്: വിനോദസഞ്ചാര കേന്ദ്രമായ പഞ്ചാലിമേടിനുള്ള എളുപ്പവഴിയായ തെക്കേമല കപ്പാലുവേങ്ങ റോഡില്‍ അപകട സാധ്യത പതിയിരിക്കുന്നുവെന്ന് നാട്ടുകാര്‍. തെക്കേമല മുതല്‍ കപ്പാലുവേങ്ങവരെയുള്ള കുത്തനെയുള്ള കയറ്റത്തില്‍ 13 ഓളം എസ് ആകൃതിയിലുള്ള കൊടും വളവുകളാണ് ഉള്ളത്. വളവുകള്‍ക്ക് അരികില്‍ ക്രാഷ് ബാരിയറുകളോ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ സുരക്ഷ ഉറപ്പാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെക്കേമല സെന്റ് മേരീസ് ഇടവക എംപിക്ക് നിവേദനം നല്‍കിയിരുന്നു.
മുണ്ടക്കയത്തു നിന്നു മുറിഞ്ഞപുഴ വഴി പാഞ്ചാലിമേട്ടില്‍ എത്തുന്ന യാത്രികരില്‍ അധികവും തിരികെ മലയിറങ്ങുന്നത് തെക്കേമലവഴിയാണ്.ചെങ്കുത്തായ ഇറക്കത്തില്‍ കൊടുംവളവുകളില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായി. മഴയും മഞ്ഞും മൂടിയ സമയങ്ങളില്‍ തൊട്ട് അടുത്തെത്തിയാല്‍ മാത്രമേ വളവ് കാണാനാകൂ.
വളവുകള്‍ക്ക് മുന്‍പേ വേഗത്തടകള്‍ സ്ഥാപിക്കുകയും, റോഡിന് നടുവിലും വശങ്ങളിലും അപായവരകള് വരച്ച് റിഫ്ലക്ടറുകള്‍ സ്ഥാപിക്കുകയും അപകട സാധ്യത കൂടിയ വളവുകളില്‍ കൊക്കയ്ക്ക് സമീപമായി ക്രാഷ് ബാരിയറുകള്‍ നിര്‍മിക്കുകയും സുരക്ഷാ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: