കൊല്ലം: ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയുടെ കരട് ലിസ്റ്റില്‍ വ്യാപക ക്രമക്കേട് . ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കവും പരിശീലനം ലഭിക്കാത്തവരെ സര്‍വേക്ക് നിയോഗിച്ചതുമാണ് ക്രമക്കേടുകള്‍ക്ക് കാരണമായത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് വീട് നിര്‍മിച്ച് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പാര്‍പ്പിട പദ്ധതിയാണ് ലൈഫ് മിഷന് .
ഗുണഭോക്താക്കളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയാണ് സര്‍വേക്ക് നിയോഗിച്ചത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരെന്നും ഭൂമിയില്ലാത്ത ഭവനരഹിതരെന്നും രണ്ടായി തിരിച്ചാണ് സര്‍വേ നടത്തിയത് . കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓരോ ദിവസവും സര്‍വേ നടത്തി തയ്യാറാക്കുന്ന ഫോമുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ നേരിട്ട് പരിശോധന നടത്തി ഡാറ്റാ എന്‍ട്രിക്കായി കുടുംബശ്രീ ഐടി യൂണിറ്റുകളെ ഏല്‍പ്പിക്കണം.
എന്നാല്‍ പരിശീലനം ലഭിക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി കൊണ്ടുവന്ന ഫോമുകള്‍ മേല്‍ പരിശോധനയ്ക്ക് മുതിരാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തി ഐടി യൂണിറ്റുകള്‍ക്ക് കൈമാറുകയായിരുന്നു. പല സ്ഥലങ്ങളിലും സര്‍വേ നടത്താതെ ഭരണകക്ഷികള്‍ക്ക് താല്പര്യമുള്ള അനര്‍ഹരേയും ലിസ്റ്റില്‍ തിരുകി കയറ്റി. സ്വന്തമായി വീടും വിദേശത്ത് ജോലി ഉള്ളവരും ലിസ്റ്റില്‍ കടന്ന് കൂടി. ഓല മേഞ്ഞ കുടിലുകള്‍ക്കും വീട്ട് നമ്പര്‍ ലഭിക്കുമെന്നുള്ളതുകൊണ്ട് സര്‍വേ ഫോമില്‍ നമ്പര്‍ നല്കിയവരേയും വ്യാപകമായി ഒഴിവാക്കി .
ഇത്തരത്തില്‍ അര്‍ഹതയ്ക്ക് പകരം കെടുകാര്യസ്ഥതയിലും സ്വജനപക്ഷാപാതത്തിലും ഊന്നിയ കരട് ലിസ്റ്റാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ട് ദിവത്തിനുള്ളില്‍ നൂറുകണക്കിന് പരാതികളാണ് പഞ്ചായത്തുകളില്‍ എത്തുന്നത് . ഈ മാസം പത്ത് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതി ഉന്നയിക്കാം എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികത ഉണ്ടെന്നും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: