ആലപ്പുഴ: സ്കോട്ട്ലാന്‍ഡില്‍ മരിച്ച ഫാ. മാര്ട്ടിന് വാഴച്ചിറയുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ സംസ്കരിക്കും.
ജൂണ്‍ 20 നാണു പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ മാമ്മച്ചന്റെയും പരേതയായ മറിയാമ്മയുടെയും മകന് ഫാ. മാര്ട്ടിന് വാഴച്ചിറ(33)യെ എഡിന്ബേറായില് കടല്‍ത്തീരത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള അന്വേഷണം നീണ്ടതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകി. ഇന്ത്യന്‍ എംബസിയുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ച ശേഷം മൃതദേഹം വിട്ടുനല്‍കാന്‍ സ്കോട്ട്ലാന്‍ഡ് കോടതി ഉത്തരവിട്ടു.
മറിയാമ്മ സേവ്യര്‍, തോമസുകുട്ടി സേവ്യര്‍, ജോസഫ് സേവ്യര്‍, ആന്റണി സേവ്യര്‍, റോസമ്മ സേവ്യര്‍, റീത്താമ്മ സേവ്യര്‍, പരേതയായ ആന്‍സമ്മ സേവ്യര്‍ എന്നിവരാണു സഹോദരങ്ങള്‍. ചെത്തിപ്പുഴ തിരുഹൃദയ ഇടവക പള്ളിയില്‍ സഹവികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഒരു വര്‍ഷം മുമ്പ് ഇംഗ്ലിഷ് സാഹിത്യത്തില്‍ ഉപരിപഠനത്തിനായി സ്കോട്ട്ലാന്ഡിലേക്കു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: