മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഒരു ഒച്ചിന്റെ തോടുപോലൊന്നു കിടക്കുന്നതു കണ്ടു. കൗതുകം തോന്നി. പൊതിഞ്ഞെടുത്തു. കൊണ്ടുപോയി മുറിയില്‍ മേശപ്പുറത്തു ഒരറ്റത്തേക്കു വച്ചിട്ടുണ്ടായിരുന്നു. വെളിയില്‍ ഒരാവശ്യത്തിന് പോയി ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നുനോക്കിയപ്പോള്‍ പൊതിയില്‍ സാധനമില്ല. ഞാന്‍ അവിടൊക്കെ പരതി.
ആ മേശപ്പുറത്ത് മറ്റേ അറ്റത്തായി കുറച്ചുപടങ്ങളും ശിവലിംഗവും പ്രതിമകളുമൊക്കെ ഇരുന്നിരുന്നു. ഈ ഒച്ചിന്റെ കൂടിനകത്ത് ജീവനുള്ള പ്രാണി ഉണ്ടാകുമെന്നുപോലും ഞാന്‍ വിചാരിച്ചില്ല.
ഞാന്‍ നോക്കിയപ്പോള്‍ ആ ശിവലിംഗത്തിലേക്ക് അതു കയറി കെട്ടിപ്പിടിച്ചപോലെ കിടക്കുന്നു. സാമാന്യം വലിപ്പമുള്ള അതിന്റെ തലഭാഗവുമെല്ലാം നല്ലവണ്ണം വെളിയില്‍ വന്നിട്ടുമുണ്ട്. സത്യത്തില്‍ ഞാന്‍ കോരിത്തരിച്ചുപോയി. ആ ജീവിയോട് ഒരു ഭയമോ ബഹുമാനമോ ഒക്കെ തോന്നിപ്പോകയും ചെയ്തു. യാദൃച്ഛികമായിരിക്കാം എങ്കിലും അത് ശിവനെത്തന്നെ ചെന്ന് ആശ്രയിച്ചതുകണ്ട് അല്‍പ്പം അതിശയം തോന്നുകയും ചെയ്തു. വേറെ പടങ്ങളും മറ്റും അടുത്തിരുന്നിട്ടും അല്‍പ്പം ദൂരെയിരുന്ന ഈ ശിവലിംഗത്തില്‍ അതു കയറിപ്പറ്റി.
ഉണ്ട് എന്ന് പറയുന്നവര്‍ക്ക് ഉള്ളവനും, ഇല്ല എന്നു പറയുന്നവര്‍ക്ക് ഇല്ലാത്തവനും ആണല്ലോ ദൈവം. ഓരോ നിമിഷത്തിലും ഈശ്വരന്റെ കൈയൊപ്പ് അനുഭവിക്കുന്ന അതിഭാഗ്യവാന്മാരും ഇല്ല എന്ന് നമുക്ക് തീര്‍ത്തു പറയാനാവില്ല. നിസ്സാര സംഭവങ്ങളില്‍പ്പോലും ഈശ്വരന് നമ്മെ കാക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നും നമുക്ക് അറിയാന്‍ കഴിയും. സൂക്ഷ്മതയോടെ നാം ഓരോ അനുഭവങ്ങളും ശ്രദ്ധിച്ചാല്‍ മതി.
ഞാന്‍ ആ ഒച്ചിനെ പിന്നീട് പതുക്കെ അതില്‍നിന്നും വേര്‍പെടുത്തി വെളിയില്‍ തന്നെ കൊണ്ടിട്ടു. തീര്‍ച്ചയായും അതിന്റെ ജന്മം സഫലമായിട്ടുണ്ടാവും. ജീവനുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എടുക്കപോലും ഇല്ലായിരുന്നു. വെറും നിസ്സാരമെന്നോ, വട്ടെന്നോ തള്ളിക്കളയാമെങ്കില്പ്പോലും ആ ജന്തുവിന്റെ പൂര്വജന്മപുണ്യത്തെക്കുറിച്ച് ഉദ്വേഗമുള്ളവനാകുന്നുവെന്നതും വാസ്തവം.
എം.ആര്. രാധാകൃഷ്ണന്,
ഗുരുവായൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: