കാഞ്ഞങ്ങാട്: നീലേശ്വരം രാജാറോഡില്‍ ഗതാഗതക്കുരുക്ക് പതിവായിട്ടും കുലുക്കമില്ലാതെ അധികൃതര്‍. നഗരസഭയും പോലീസും പൊതുമാരമത്ത് വകുപ്പിന്റേയും നിസംഗതയില്‍ ദുരിതം പേറേണ്ടി വരുന്നതാവട്ടെ സാധാരണ ജനങ്ങളും. കിഴക്കന്‍ മലയോര മേഖലകളിലേക്ക് ദിവസേന ബസുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന രാജാറോഡില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഗതാഗതക്കുരുക്ക് പതിവാണ്. സ്കൂള്‍ സമയമാകുന്ന രാവിലെയും വൈകുന്നേരവും കുട്ടികളുടെ തിരക്ക് കൂടി നഗരത്തില്‍ അനുഭവപ്പെടുമ്പോള്‍ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസോ മറ്റ് സംവിധാനങ്ങളോ ഇവിടെ ഉണ്ടാകുന്നില്ല.
പലപ്പോഴും ഡ്രൈവര്‍മാര്‍ തമ്മിലുള്ള കയ്യാങ്കളിക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മന്ദംപുറത്ത് കാവിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങളുടെ എണ്ണം കൂടിയാകുമ്പോള്‍ തിരക്ക് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. പ്രധാന വീഥിയായിട്ടും റോഡിന് വീതി കുറഞ്ഞതാണ് ഗതാഗത കുരുക്കിന് മറ്റൊരു കാരണം. ഹൈവേ ജംഗഷന് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന് വരെ റോഡ് നവീകരിക്കാന്‍ കോടികളുടെ പദ്ധതികള്‍ തയ്യാറാക്കിയതായി പറയുന്നുണ്ടെങ്കിലും ഇതുവരെയും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തി പോലും ആരംഭിച്ചിട്ടില്ല.
കോടിക്കണക്കിന് രൂപയുടെ റോഡ് വികസന പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി നഗരസഭാ അധികൃതര്‍ വാര്‍ത്താക്കുറിപ്പ് മുഖേന അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രസ്താവനകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതെല്ലാതെ രാജാറോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനോ നഗരം വികസിപ്പിക്കാനോ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: