തിരുവനന്തപുരം: ആറന്മുളയില് വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി മിച്ചഭൂമിയായി ലാന്‍ഡ് ബോര്‍ഡിന് പ്രഖ്യാപിക്കേണ്ടി വന്നത് ജനശക്തിയുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത്തരമൊരു തീരുമാനമെടുത്തത് ഗത്യന്തരമില്ലാതെയാണ്. പ്രലോഭനങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അതിജീവിക്കാന്‍ വിമാനത്താവള വിരുദ്ധ സമരസമിതിക്ക് സാധിച്ചതിന്റെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം. മിച്ച ഭൂമിയായി പ്രഖ്യാപിക്കപ്പെട്ട 293 ഏക്കര്‍ സ്ഥലം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം, സമര സമിതിക്കു നേതൃത്വം നല്കിയ കുമ്മനം ആവശ്യപ്പെട്ടു. കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇപ്പോള്‍ ഇത് കയ്യേറ്റക്കാരുടെ കയ്യിലാണുള്ളത്. ഇത് തിരികെ പിടിക്കണമെന്ന് രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്. മാത്രമല്ല മൂന്നാറില്‍ കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ആറന്മുളയില് സ്വീകരിച്ച നിലപാട് പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം. അതിന് സര്‍ക്കാര്‍ തയ്യാറായാല്‍ ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകും. അതിന് സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: