തൃശൂര്‍: ജലഅതോറിറ്റി നഗരത്തില്‍ ഉപേക്ഷിച്ച വെള്ളമില്ലാത്ത പൈപ്പ് ലൈനില്‍നിന്നും വന്‍ചോര്‍ച്ച. ഉത്തരം കണ്ടെത്താനാകാതെ ജലഅതോറിറ്റി അധികൃതര്‍. നഗരത്തില്‍ ജലവിതരണം നിര്‍ത്തിവെച്ചു.
പാലസ് റോഡില്‍ സാഹിത്യ അക്കാദമിക്കുമുന്നില്‍ വടക്കേച്ചിറ റോഡിലേക്കിറങ്ങുന്ന ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. അതോറിറ്റി അധികൃതരുടെ കണക്കില്‍ ഈ പൈപ്പ് ലൈനില്‍ വെള്ളമില്ല.
ചോര്‍ച്ച എവിടെയെന്ന് കണ്ടെത്താന്‍ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നിയുടെ നേതൃത്വത്തില്‍ അതോറിറ്റി അധികൃതര്‍ ജെ.സി.ബിയുമായെത്തി റോഡ് ബ്ലോക്ക് ചെയ്ത് സന്ധ്യയോടെ റോഡ് കുഴിക്കാനാരംഭിച്ചു. റോഡിന്റെ പകുതിയില്‍നിന്നാണ് കുഴിയെടുത്തു തുടങ്ങിയത് 13 മീറ്റര്‍ ദൂരം വടക്കേച്ചിറ റോഡ് ഭാഗത്തേക്കു കുഴിയെടുത്തപ്പോഴാണ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തിയത്.
24 കോടി ചിലവാക്കി ഒളരിയിലേക്കു പുതിയ 700 എം.എം പൈപ്പ് ലൈന്‍ കോര്പ്പറേഷന് എ.ഡി.ബി ഫണ്ടില്‍ സ്ഥാപിച്ച സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ടതായിരുന്നു ഈ പൈപ്പ് ലൈന്‍. ഉപേക്ഷിച്ച പൈപ്പ് ലൈനിലേക്കു വെള്ളം ഒഴുകാതിരിക്കാന്‍ നാലിടത്ത് ബ്ലോക്ക് ചെയ്തിട്ടുള്ളതുമാണ്.
രാത്രിയായപ്പോഴേയ്ക്കും ചോര്‍ച്ച കൂടി കൂടി വന്നു. വെള്ളം വറ്റിക്കുകതന്നെ പ്രയാസമായി. പ്രവാഹം കൂടിയതോടെ തേക്കിന്‍കാട് ടാങ്ക് നിറയുന്നതോടെ പ്രഷര്‍ കൂടിയതാണ് ചോര്‍ച്ച കൂടാന്‍ കാരണമെന്ന് തെളിഞ്ഞു.
തേക്കിന്‍കാട് ടാങ്ക് നിറഞ്ഞതോടെ പീച്ചിയില്‍ നിന്നും ഈ ടാങ്കിലേക്കുള്ള ഒഴുക്കും നിറുത്തിവെച്ചു. തേക്കിന്‍കാട് ടാങ്കില്‍ നിന്നും ഉപേക്ഷിച്ച പൈപ്പ് ലൈനിലൂടെ വന്‍തോതില്‍ വെള്ളം പാഴാകുന്നതായി ബോധ്യപ്പെട്ടെങ്കിലും പൈപ്പ് ലൈനിലേക്ക് എങ്ങിനെയാണ് വെള്ളം പ്രവേശിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയാതെ അതോറിറ്റി അധികൃതര്‍ കുഴഞ്ഞു. ചോര്ച്ചസ്ഥാനം കണ്ടെത്താനായത് പുലര്ച്ചയ്ക്കാണ്. പഴയ പൈപ്പ് ലൈനില്‍ മുഴുവന്‍ കുഴിച്ചു പരിശോധിക്കുക സാധ്യമല്ലാത്തതിനാല്‍ ചോര്‍ച്ച കണ്ടെത്താനുള്ള യന്ത്രം കൊണ്ടുവന്ന് പരിശോധിക്കുമെന്ന് അസി.എക്സി.എഞ്ചിനീയര്‍ ബെന്നി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: