കേരളത്തിലെ കലാലയ കാമ്പസുകളില്‍നിന്നു കൗമാരത്തിന്റെ കാല്ച്ചിലങ്കകള് അഴിച്ചുമാറ്റിയിട്ട് കാല് നൂറ്റാണ്ടോളമാകുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 10 + 2 എന്ന പാറ്റേണില്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയായി സ്കൂളുകളില്‍തന്നെ പഴയ പ്രീ ഡിഗ്രി സംവിധാനത്തെ പരിഷ്ക്കരിച്ച് പ്ലസ് ടു എന്ന പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ. പതിനഞ്ചില്‍പ്പരം വര്‍ഷങ്ങളിലെ അനുഭവങ്ങളും ആശങ്കകളും ചില നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കട്ടെ.
1990 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രൂപീകരിച്ചെങ്കിലും 1998, 2000 ആണ്ടോടുകൂടി സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും + 2 സ്കൂളുകള്‍ നിലവില്‍ വന്നു. ഇല്ലാത്ത പഞ്ചായത്തുകളില്‍ക്കൂടി തുടങ്ങണമെന്ന തദ്ദേശ വാസികളുടെ ആവശ്യപ്രകാരം 2010-11, 2014-15 വര്‍ഷങ്ങളില്‍ കോടതി ഇടപെടലിലൂടെ ഏതാനും സ്കൂളുകളില്‍ അധിക ബാച്ചുകളും അനുവദിക്കുകയുണ്ടായി.
ഇരുമുന്നണികളും മാറി മാറി ഭരിക്കുന്ന രഷ്ട്രീയ അന്തരീക്ഷം സംസ്ഥാനത്ത് നിലനില്‍ക്കുന്നതിനാല്‍ ഏതെങ്കിലും ഒരു മുന്നണിയെ കുറ്റപ്പെടുത്തുന്നതും പുകഴ്ത്തിപ്പറയുന്നതും നിരര്‍ത്ഥകമായിരിക്കും. തുടര്‍ന്നും പരിഷ്ക്കാരങ്ങള്‍ വരുന്നുവെന്നും 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളെ ഒറ്റ യൂണിറ്റായി കണക്കാക്കുമെന്നും നൈപുണികളുടെ അടിസ്ഥാനത്തില്‍ കോഴ്സുകളുടെ പുനഃക്രമീകരണം നടപ്പാക്കുമെന്നും വിഎച്ച്എസ്സിയും ഡിഎച്എസ്ഇ യും ലയിപ്പിക്കുമെന്നുമൊക്കെയുള്ള, കാണാന്‍ പോകുന്ന പൂരത്തെ തത്ക്കാലം മാറ്റിനിര്‍ത്തി നിലവിലുള്ള സാഹചര്യത്തെപ്പറ്റി ചിന്തിക്കാം.
നൂറില്‍പ്പരം വിഷയങ്ങള്‍ ഉള്‍പ്പെടുന്ന നാല്‍പ്പതില്‍പ്പരം കോമ്പിനേഷനുകളാണ് പ്ലസ് ടു സംവിധാനത്തില്‍ നിലവിലുള്ളത്. നാല് കോര്‍ സബ്ജക്ടുകളും ഒന്നാംഭാഷയായി ഇംഗ്ലീഷും രണ്ടാം ഭാഷയായി മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍, സിറിയക് മുതലായ ഭാഷകളിലേതെങ്കിലും ഒരെണ്ണവുമാണ് ഒരു കോമ്പിനേഷനില്‍ ഉള്ളത്.
അദ്ധ്യാപക സര്‍വ്വീസ് സംഘടനകള്‍ നിരന്തരം ഇടപെട്ടിട്ടും ഫലം കാണാതെ പോയതും, ഈ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ലബ്ബ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം പിന്നീട് നടപ്പിലാക്കിയതുമായ ‘ശനിയാഴ്ച അവധി’ സമ്മാനിച്ചത് സാധാരണ ദിവസങ്ങളിലെ 9 മണി മുതല്‍ 4.45 വരെയുള്ള പ്രവൃത്തി സമയമായിരുന്നു.
ഇന്ത്യയിലെ പ്ലസ് ടു തലത്തിലുള്ള ഒരു വിദ്യാഭ്യാസ സംവിധാനത്തിലും ഇത്രയും ദൈര്‍ഘ്യമേറിയ അദ്ധ്യയന സമയം നിലവിലുള്ളതായി അറിയില്ല. 2014-15 വര്‍ഷങ്ങളില്‍ അനുവദിച്ചതുള്‍പ്പെടെ ധാരാളം അദ്ധ്യാപക തസ്തികകള്‍ക്ക് നിയമനാംഗീകാരം ലഭിക്കാത്തതും, സര്‍ക്കാര്‍ സ്കൂളുകളിലെ തകിടം മറിഞ്ഞ സ്ഥലംമാറ്റ സംവിധാനങ്ങളും (ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ചില സ്കൂളുകളില്‍ രണ്ട് പ്രിന്‍സിപ്പാള്‍മാര്‍ വരെയുണ്ട്) മൂലം അദ്ധ്യാപകരില്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ ട്യൂഷനേയും മറ്റും ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി 12 മണിക്കൂറിലേറെ ക്ലാസ്സുകളില്‍ ഇരിക്കേണ്ടതായി വരുന്നു.
ഇത് അവരിലുളവാക്കുന്ന ശാരീരിക മാനസിക വെല്ലുവിളികള്‍ തള്ളിക്കളയാവുന്നവയല്ല. പരമാവധി ആറ് വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് നിലവിലുള്ള പത്ത് പീരിയഡ് സംവിധാനം വേണോയെന്ന് സാമാന്യയുക്തി ഉപയോഗിച്ച് ചിന്തിച്ചും, ബോധന സമയം കുറച്ചും, സിലബസ്സ് ലഘൂകരിച്ചും ശരാശരി വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടത്. ദേശീയ തലത്തില്‍ മത്സരപ്പരീക്ഷ എഴുതുന്നവര്‍ക്ക് മാത്രമായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതും എന്‍സിഇആര്‍ടി സിലബസ്സിന്റെ ചുവട് പിടിച്ചുള്ള അദ്ധ്യയനം ഉറപ്പാക്കുന്നതുമായിരിക്കും ഉചിതം.
ഇപ്പോള്‍ വാര്‍ഷിക പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ഈ രംഗത്തുള്ളവരല്ല എന്നുള്ളതും വിദ്യാര്‍ത്ഥികളുടെ ആശങ്ക വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സമീപകാലത്തെ എസ്എസ്എല്‍സി വിജയശതമാനം 90.93% ആണെങ്കിലും അതില്‍ത്തന്നെ നല്ലൊരു ശതമാനം കുട്ടികള്‍ക്കും സ്വന്തം പേരുപോലും തെറ്റാതെ എഴുതുവാന്‍ അറിയില്ല.
പ്ലസ് വണ്‍ അഡ്മിഷന് ആദ്യ അലോട്ട്മെന്റുകളില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പുതുക്കി നല്കുന്ന അപേക്ഷ പൂരിപ്പിക്കുവാന്‍ അറിയില്ലെന്നതും, അഡ്മിഷന് ലഭിച്ചാല്‍തന്നെ പഠിക്കുന്ന സ്ഥാപനത്തിന്റെയോ കോമ്പിനേഷന്റെയോ പേരെഴുതുവാനോ അറിയില്ലെന്നുള്ളതും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതായിരിക്കുന്നു.
പൊതുവിദ്യാഭ്യാസം ഊര്‍ജ്ജിതമായി സംരക്ഷിക്കുന്ന ഈ അവസരത്തില്‍ ഈ നിലവാരത്തകര്‍ച്ചയെ മറികടക്കുവാന്‍ പെയിന്റടിച്ച മതിലുകളും ടൈലിട്ട സ്മാര്‍ട്ട് മുറികളും മാത്രമല്ല, അമ്പത്തൊന്നക്ഷരങ്ങള്‍ പകര്‍ന്നുതരുന്ന പുണ്യംകൂടി വേണമെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു.
ഹയര്‍ സെക്കണ്ടറി വിഭാഗം അദ്ധ്യാപകരുടെ സേവന – വേതന വ്യവസ്ഥകളെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ ഇനി വേദികളും മാധ്യമങ്ങളും ഇല്ലെന്നിരിക്കിലും ‘പിന്നെയും വഞ്ചി തിരുനക്കരെത്തന്നെ’ എന്ന അവസ്ഥയാണുള്ളത്.
മൂല്യനിര്‍ണ്ണയ ക്യാംപുകളിലും പരിശീലന കേന്ദ്രങ്ങളിലും നോട്ടീസുകളും രസീത് കുറ്റികളുമായി വെളുക്കെ ചിരിച്ചെത്തുന്ന സംഘടനാ പ്രവര്‍ത്തകര്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തലകുത്തി നിന്നിട്ടും പ്രിന്‍സിപ്പാള്‍മാരെ ക്ലാസ്സെടുക്കുന്നതില്നിന്ന് ഒഴിവാക്കുവാനോ, ഒരേ യോഗ്യതയുള്ള ജൂനിയര്‍-സീനിയര്‍ അദ്ധ്യാപകര്‍ തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിനോ, ക്ലര്‍ക്ക്, ലൈബ്രേറിയന്‍, പ്യൂണ്‍, മീനിയല്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിനോ നാളിതുവരെ സാധിച്ചിട്ടില്ല.
ഒരുപക്ഷേ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചാല്‍ സംഘടന അപ്രസക്തമാകുമോ എന്ന ഭയംകൊണ്ടാണോ എന്നറിയില്ല, കാര്യമാത്ര പ്രസക്തമായ ഒരു സമരപരിപാടികള്‍ക്കും സംഘടനകള്‍ മുതിരുന്നില്ല.സെക്രട്ടറിയേറ്റ് ധര്‍ണ്ണയുള്‍പ്പെടെ പലതും വെറും അഭ്യാസങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.
എസ്എസ്എല്‍സി ഫലം വരുന്നതുമുതല്‍ മൂന്ന് നാല് മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന അഡ്മിഷന് ജോലികള്‍, 40 ല്‍പ്പരം സ്കോളര്‍ഷിപ്പുകള്‍, എന്‍എസ്എസ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ ക്ലബ്ബ് ചാര്‍ജ്ജുകള്‍, സ്പഷ്യല്‍ ഫീസ്, പരീക്ഷാ ഫീസ് ശേഖരണം, സേ, ഇംപ്രൂവ്മെന്റ്, വാര്‍ഷികപ്പരീക്ഷകളുടെ രജിസ്ട്രേഷന്, നിരന്തര മൂല്യനിര്‍ണ്ണയം, സേവന വേതന കാര്യങ്ങള്‍, ഗെയിന്‍ പി.എഫ്, സ്പാര്‍ക്ക് ഇവയെല്ലാം ചെയ്യേണ്ടത് ക്ലാസ്സുകളില്‍ പോയി അതത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെയാണ്.
ഏതെങ്കിലും ഓഫീസിലെ ക്ലറിക്കല്‍ വര്‍ക്ക് ചെയ്യുന്ന ഉദ്യോഗസ്ഥരോട് ദിവസേന ക്ലാസ്സുകളില്‍ പോയി 58 പീരിയഡുകള്‍ പഠിപ്പിക്കണമെന്ന് പറയുന്നതിലെ യുക്തിയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ നിലവാരത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ലാബ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പാള്‍മാരുടെ സംഘര്‍ഷം വാക്കുകള്‍ക്കതീതമാണ്. ഏത് സമയത്തും ഓണ്‍ലൈനില്‍ ഉണ്ടാവണമെന്ന അലിഖിത നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ പലരും അധിക സമയങ്ങളിലും അസമയത്തും ജോലി ചെയ്തുവരുന്നു. 24 ന് തുടങ്ങാനിരിക്കുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള സമയം 21 ന് വരെ നല്‍കിയതുവഴി സമയത്ത് പരീക്ഷാ ജോലികള്‍ക്കായുള്ള എച്ച്എസ്ഇ മാനേജര്‍ സെറ്റ് ചെയ്യുന്നതിനോ, ഹാള്‍ ടിക്കറ്റ് ക്വസ്റ്റ്യന്‍ പേപ്പറുകളുടെ വിതരണം, വാല്യുവേഷന് ക്യാംപ് സെറ്റിംഗ് ഒന്നും സമയത്ത് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അവസാനം പരീക്ഷതന്നെ മാറ്റിവയ്ക്കേണ്ടി വന്നതാണ് ഏറ്റവുമൊടുവിലത്തെ ഉദാഹരണം.
ഏകജാലക സംവിധാനം ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയെന്നതും, പല പരീക്ഷകളും വിജയപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നതും ശരിതന്നെയാണെങ്കിലും, പ്ലസ് വണ്‍ അഡ്മിഷന് തകൃതിയായി നടക്കുന്ന സമയത്തുതന്നെ പ്ലസ്വണ് ഇംപ്രൂവ്മെന്റ് ജോലികള്‍ ചെയ്യിപ്പിച്ചതും, സ്കൂളുകളെ സ്മാര്‍ട്ടാക്കാന്‍ ആ സമയത്തുതന്നെ ‘ഉബണ്ടു’ പരിശീലനം നടത്തിയതും, സേ പരീക്ഷയുടെ വാല്യുവേഷന് ചെയ്യിപ്പിച്ചതും, ഒന്നും രണ്ടും വര്‍ഷക്ലാസ്സുകളില്‍ പോയി പഠിപ്പിക്കേണ്ട അദ്ധ്യാപകരെക്കൊണ്ട് തന്നെയാണല്ലോ എന്ന തിരിച്ചറിവ് ഐസിടി സെല്ലിനോ ഡിഎച്ച്എസ്ഇ പരീക്ഷാ വിഭാഗത്തിനോ ഐടി @ സ്കൂളിനോഎസ് ി ഇഈര്ടി ക്കോ ഇനി എന്നാണുണ്ടാവുക. ദശരഥന്, ദശാവതാരം എന്നിങ്ങനെയുള്ള പൗരാണിക സങ്കല്പങ്ങളെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പ്രവര്ത്തിക്കേണ്ടവരായി മാറിയ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍ ഇനി ആരാണ് പരിഹരിക്കുക?
ഒരുവിഭാഗത്തെ പരിശീലിപ്പിക്കണമെങ്കില്‍ അതിന് മുകളിലുള്ള വിഭാഗത്തിലെ വിദഗ്ദ്ധരെയാണ് ഏര്‍പ്പെടുത്തേണ്ടത്. ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരെ അതത് വിഷയങ്ങളും മാനേജ്മെന്റും മറ്റും പരിശീലിപ്പിക്കുന്നതിന് അതില്പ്പെട്ടവരെതന്നെ നിയോഗിക്കുന്നതിനാല്‍ ഫണ്ട് വിനിയോഗം നടക്കുന്നു എന്നല്ലാതെ കാര്യമായ ബോധന പ്രക്രിയ നടക്കുന്നില്ല. അതിനാല്‍ അതത് വിഷയങ്ങളില്‍ സമര്‍ത്ഥരും വിദഗ്ദ്ധരുമായ ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകരേയും മാനേജ്മെന്റ് രംഗത്തെ പ്രഗത്ഭരേയും ഉള്‍പ്പെടുത്തി പാനലുകള്‍ രൂപീകരിക്കുകയാണ് വേണ്ടത്.
ഭാഷ, വേഷം, സംസ്കാരം, മാധ്യമം തുടങ്ങി എല്ലാ അര്‍ത്ഥത്തിലും ന്യൂജന്നായ കൗമാരക്കാരെ കൈകാര്യം ചെയ്യുന്നതിലെ സംഘര്‍ഷം ഇതിനേക്കാളേറെയാണ്. മനസാ വാചാ കര്‍മ്മണാ യാതൊരു ശിക്ഷാ നടപടികളും ഇന്ന് പാടില്ല. ബാല-മനുഷ്യാവകാശ കമ്മീഷനുകള്‍ നോക്കിയിരിക്കുന്നതും അദ്ധ്യാപകരുടെ ‘ക്രൂര,’ ചെയ്തികളിലേക്കാണ്.
സ്വബോധമുള്ള ഒരു അദ്ധ്യാപകനും തന്റെ വിദ്യാര്‍ത്ഥികള്‍ നശിച്ചുകാണണമെന്ന അര്‍ത്ഥത്തില്‍ ഒരു ശിക്ഷാനടപടികളും സ്വീകരിക്കില്ലെന്നിരിക്കെ, പ്രസ്തുത കമ്മീഷനുകളുടെ ചില ഇടപെടലുകള്‍ സമ്മാനിക്കുന്നത് പൊതുസമൂഹത്തിന് എന്നും വെല്ലുവിളി ആയേക്കാവുന്ന പുതുതലമുറയെ ആയിക്കൂടെന്നില്ല.
വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും മറ്റും ഇത്തരം കാര്യങ്ങളാണ് ഓര്‍മ്മപ്പെടുത്തുന്നത്. ലഹരി പദാര്‍ത്ഥങ്ങളോ മൊബൈല്‍ ഫോണുകളോ കുട്ടികളില്‍ നിന്ന് കണ്ടെത്തിയാലും നടപടികള്‍ എടുത്താല്‍ കുടുങ്ങുന്നത് അത് കണ്ടെത്തിയ അദ്ധ്യാപകരായിരിക്കും. ഒരുപക്ഷേ ആത്മഹത്യാ പ്രേരണയ്ക്കുവരെ ശിക്ഷ ഏറ്റു വാങ്ങേണ്ടതായും വരാം. സമീപകാല സംഭവങ്ങളും നിയമ സംവിധാനങ്ങളും അതാണ് ഓര്‍മ്മപ്പെടുത്തുന്നത്.
ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട എജന്‍സികളും ഉന്നത ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് (ഇപ്പോള്‍ പലരും ഇടംവലം നോക്കാതെ അവരുടെ അജണ്ട മാത്രമാണ് നടപ്പാക്കുന്നത് ) കൂടിയാലോചിച്ച് നമ്മുടെ കുട്ടികളെ ദേശീയ തലത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനായി അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, രക്ഷാകര്‍ത്താക്കളെ ബോധവാന്മാരാക്കുകയും വേണം. അക്കാദമിക് രംഗത്ത് ശ്രദ്ധയൂന്നി അവരെ പ്രാപ്തരാക്കുന്നതിന് ആത്മാഭിമാനത്തോടെ ജോലി ചെയ്യുവാനുളള സാഹചര്യം അദ്ധ്യാപകര്‍ക്ക് ഒരുക്കിക്കൊടുക്കണം.
എന്തുപറഞ്ഞാലും ധനകാര്യ വകുപ്പിന്റെ ഒബ്ജക്ഷനാണെന്ന സ്ഥിരം പല്ലവി മാറ്റിവച്ച് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ സ്ഥിരം അദ്ധ്യാപകരെയും നിയമിച്ചും മേഖലാ ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും പ്രിന്‍സിപ്പാള്‍മാര്‍ക്കും അദ്ധ്യാപകര്‍ക്കും സഹായമൊരുക്കകയാണ് ആര്‍ജ്ജവമുളള ഭരണകര്‍ത്താക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും ഇടപെട്ട് ചെയ്യേണ്ടത്. അല്ലെങ്കില്‍ എത്ര മതില് കെട്ടി സംരക്ഷിച്ചാലും വിദ്യ പുറത്തും അഭ്യാസം അകത്തും ആയിരിക്കും.
(തൃശ്ശൂര്‍ മുള്ളൂര്‍ക്കര എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനാണ് ലേഖകന്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: