വരന്തരപ്പിള്ളി : കുറുമാലി പുഴയില്‍ വ്യാപക മണലൂറ്റ്. മനയ്ക്കലക്കടവില് പുഴയില്‍ നിന്ന് അനധികൃതമായി മണലൂറ്റിയ അഞ്ചംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്തിയ ടിപ്പര്‍ ലേറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ജീവനക്കാരായ കൈനൂര്‍ ആട്ടോക്കാരന് ഷാബു, ഉനിക്കാട്ട് തറവീട് പ്രേമന്, തൊഴിലാളികളായ മുപ്ലിയം സ്വദേശി നൊച്ചിയില്‍ ഷാജു, മനയ്ക്കകടവ് സ്വദേശികളായ ചങ്ങരംകാട്ടില് രാമകൃഷ്ണന്, വെളുത്തേടത്ത് അശോകന് എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചാക്കുകളിലാക്കി കടവില്‍ ഒളിപ്പിച്ചു വെച്ച മണല്‍ ടിപ്പര്‍ ലോറിയില്‍ കയറ്റി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കാലങ്ങളായി നടക്കുന്ന മണലൂറ്റിനെ കുറിച്ച് നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പുഴയില്‍ നിന്ന് ഊറ്റിയെടുക്കുന്ന മണല്‍ വന്‍ തുകക്കാണ് ഇവര്‍ വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
രാത്രികാലങ്ങളില്‍ ഊറ്റിയെടുക്കുന്ന മണല്‍ പുലര്‍ച്ചെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
കടവിന് സമീപത്തായി ചാക്കുകളില്‍ മണല്‍ നിറച്ചിട്ടതായും പോലീസ് കണ്ടെത്തി. വരന്തരപ്പിള്ളി അഡീഷ്ണല്‍ എസ്ഐ ഇ.എസ്. ഡെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: