തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാമീണമേഖലയിലുള്ള 1070 ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ ആറു മാസത്തിനകം ബിഎസ്എന്‍എല്‍ 4 ജി വൈഫൈ പ്ലസ് ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് പ്രതിമാസം നാലു ജിബി ഡാറ്റവരെ ഇതിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഹോട്ട്സ്പോട്ടിന്റെ നൂറുമീറ്റര്‍ ചുറ്റളവിലാണ് ഡാറ്റ സേവനം ലഭ്യമാവുക. കേന്ദ്രസര്‍ക്കാരിന്റെ യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നുള്ള സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തുടക്കം കുറിച്ചു. അടുത്ത ജനുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാകും. ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍, ഡയറക്ട് സെല്ലിംഗ് ഏജന്റുകള്‍, റീട്ടെയിലര്‍മാര്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. സംസ്ഥാനത്ത് ഇതുവരെ ആറുലക്ഷത്തിലേറെ പേര് തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ജില്ലാ പോലീസ്, കോര്പറേഷന് എന്നിവയുമായി ചേര്‍ന്ന് സിസിടിവി ക്യാമറ നിരീക്ഷണ സംവിധാനം ഒരുക്കുന്ന പദ്ധതിയും ബിഎസ്എന്‍എല്‍ നടപ്പിലാക്കും. ഇത് പ്രവര്‍ത്തനക്ഷമമാവുന്നതോടെ കണ്ട്രോള് റൂമിലിരുന്ന് നഗരം മുഴുവന്‍ നിരീക്ഷിക്കാനാകും. ബിഎസ്എന്‍എല്ലിന് കേരള സര്‍ക്കിളില്‍ 96 ലക്ഷം മൊബൈല്‍ വരിക്കാരുണ്ട്. ഇത് ഒരു കോടിയാക്കാന്‍ പ്രത്യേക ബിഎസ്എന്‍എല്‍ മേളകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ 4 ജി സേവനം ലഭ്യമാകും.
ലക്ഷദ്വീപിലെ മൊബൈല്‍ വികസനത്തിനായി 10 പുതിയ ടവറുകള്‍ കൂടി സ്ഥാപിക്കും. ഇപ്പോള്‍ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, അഗത്തി ദ്വീപുകളില്‍ മാത്രമേ 3 ജി കവറേജ് ലഭ്യമുള്ളൂ. ഈ ഒക്ടോബറോടെ ലക്ഷദ്വീപിലെ 3 ജി ടവറുകളുടെ എണ്ണം 5 ല്‍ നിന്ന് 17 ആയി ഉയര്‍ത്തും.
ബിഎസ്എന്‍എല്‍ കേബിള്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ സേവനമെത്തിക്കും. ഈ സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 39242 ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗപ്പെടുത്തി ബിഎസ്എന്‍എല്ലിലേക്കു പുതുതായി കടന്നുവന്നു.
കഴിഞ്ഞ ആഴ്ച ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് ശൃംഖലയില്‍ നടന്ന വൈറസ് ആക്രമണവുമായി ബന്ധപ്പെട്ട് 20,000 പരാതികളാണ് ലഭിച്ചത്. ഇതില്‍ ഒട്ടുമുക്കാലും പരിഹരിച്ചു. 5000 പരാതികള്‍ ബാക്കിയുണ്ട്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ബെംഗളൂരുവിലെ സെര്‍വറില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. കോടതിവിധി ലംഘിച്ച് 27 ന് സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെന്റ് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: