കോതമംഗലം: സ്വകാര്യ ചിട്ടി സ്ഥാപനത്തിന്റെ വ്യാജ രസീതുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍.
കോതമംഗലം മാതിരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹരിപ്പാട് വേലന്റേത്ത് രാജ്ഭവനില്‍ (ചുള്ളാട്ട്) സുഷമ മേരി ജേക്കബ്(40)ആണ് അറസ്റ്റിലായത്. പത്ത് പേരില്‍ നിന്നായി 50,000രൂപ മുതല്‍ ഒരുലക്ഷം രൂപവരെ പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
രാമല്ലൂര്‍ തോട്ടത്തില്‍ വീട്ടില്‍ സെല്‍വരാജ്, പാടശ്ശേരി വീട്ടില്‍ അനില്‍ എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോതമംഗലത്തുള്ള ഡയമണ്ട് കുറീസ് ചിട്ടി സ്ഥാപനത്തില്‍ മുമ്പ് പ്രതി ജീവനക്കാരിയായിരുന്നു. സ്ഥാപനത്തിന്റെ ലോഗോ പതിച്ച വ്യാജരസീതുകള്‍ അച്ചടിച്ച് അസല്‍ എന്ന വ്യാജേനയാണ് ആളുകളില്‍ നിന്ന് ചിട്ടിപ്പണം തട്ടിയെടുത്തത്. ഈ സ്ഥാപനവുമായി സഹകരിച്ച് താന്‍ ചിട്ടി നടത്തുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പലരേയും ചിട്ടിയില്‍ ചേര്‍ത്തത്.
പണം പിരിച്ചതല്ലാതെ ചിട്ടിപ്പണം ആര്‍ക്കും മടക്കി നല്‍കിയില്ല. 50,000 രൂപയുടെ 20 മാസത്തെ ചിട്ടിയാണ് ചേര്‍ത്തത്. പരാതിക്കാരായ സെല്‍വരാജിനും അനിലിനും കാലാവധി പൂര്‍ത്തിയായിട്ടും 1.5 ലക്ഷം രൂപയുടെ ചിട്ടിപ്പണം മടക്കി നല്‍കാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചെ ങ്കിലും സ്റ്റേഷന് ജാമ്യത്തിന് ആളെ കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍, ചതി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: