ആലുവ: മുക്കുപണ്ടം നല്കി പണം തട്ടുന്ന യുവതിയെ സ്വര്‍ണപ്പണയ സ്ഥാപന ഉടമ പിടികൂടി പോലീസിന് കൈമാറി. ചെങ്ങമനാട് പുറയാര്‍ കുഴിക്കടവില്‍ വീട്ടില്‍ റുക്സാന ഷിഹാബുദ്ദീനെ (30)യാണ് ആലുവ ബൈപ്പാസിലെ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം ബാങ്ക് കവലയിലെ ഒരു പണമിടുപാട് സ്ഥാപനത്തിലെത്തി രണ്ട് പവന് തൂക്കമുള്ള മാലയാണ് ഇവര്‍ പണയം വെയ്ക്കാന്‍ ശ്രമിച്ചത്. സ്ഥാപന ഉടമ 30,000 രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പിതാവിന്റെ ചികിത്സക്കായി 33,000 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. വിശദമായി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി. ഇത് ഭര്‍ത്താവിന്റെ സുഹൃത്തിന്റേതാണെന്ന് പറഞ്ഞ് യുവതി ഇവിടെ നിന്നും രക്ഷപ്പെട്ടു. വൈകിട്ട് നാലിന് മെട്രോ സ്റ്റേഷന് സമീപം മറ്റൊരു സ്ഥാപനത്തില്‍ ആറ് പവനിലേറെ തൂക്കമുള്ള മാലയുമായെത്തി. ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതും മുക്കുപണ്ടമാണെന്ന് വ്യക്തമായി. മാത്രമല്ല, നേരത്തെ 32,000 രൂപ കബളിപ്പിച്ചെടുത്തയാളാണെന്നും വ്യക്തമായി. ഈ പണം നല്കിയാല് പോലീസിന് കൈമാറില്ലെന്ന് സ്ഥാപന ഉടമ അറിയിച്ചെങ്കിലും പണവുമായി ആരും എത്തിയില്ല.
തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ആലുവ പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പറവൂരിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം നല്കി ഒരു ലക്ഷം തട്ടിയെടുത്തിട്ടുണ്ടെന്നും വ്യക്തമായി. ആലുവ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: