പള്ളുരുത്തി: ഇന്നലെ പെയ്ത കനത്ത മഴ പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളെ വെള്ളക്കെട്ടിലാഴ്ത്തി. രാവിലെ ഏഴോടെയാണ് മഴ ആരംഭിച്ചത്. അതിശക്തിയോടെ പെയ്ത മഴ 9.30 വരെ നീണ്ടു. രണ്ടര മണിക്കൂര്‍ മഴ നീണ്ടുനിന്നപ്പോള്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധയിടങ്ങളില്‍ റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി.
തോപ്പുംപടി ജംഗ്ഷനില്‍ വെള്ളക്കെട്ടുരൂപപ്പെട്ടതോടെ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഈ റോഡുകളെല്ലാം തിരിച്ചറിയാനാവാത്തവിധം വെള്ളത്തില്‍ മുങ്ങി. പെരുമ്പടപ്പ് റോഡില്‍ വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനയാത്രികര്ക്കുപോലും സഞ്ചരിക്കാന്‍ കഴിയാതെയായി. സ്കൂള്‍ സമയമായതിനാല്‍ വിദ്യാര്‍ത്ഥികളുമായി നീങ്ങിയ വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി.
സ്വകാര്യ ബസ്സ് സര്‍വ്വീസുകളും ടാക്സിസര്വ്വീസുകളും മണിക്കൂറുകളോളം മുടങ്ങി. പ്രദേശത്തെ നിരവധി വീടുകളിലും വെള്ളം കയറി. പെരുമ്പടപ്പ് സെന്റ് ആന്റണീസ് സ്കൂള്‍, എസ്വിഡിഎല്പിഎസ്, എസ്ഡിപിവൈസ്കൂള് മുറ്റം ഇവിടെയെല്ലാം വെള്ളം നിറഞ്ഞു. പള്ളുരുത്തി വെങ്കിടാചലപതിക്ഷേത്രത്തിന്റെ ശ്രീകോവിലിനുസമീപം വരെ വെള്ളം പൊങ്ങി. കാനകളും റോഡും തിരിച്ചറിയാതെ നിരവധി പേരാണ് അപകടത്തില്‍ പെട്ടത്.
മട്ടാഞ്ചേരി: ദേവാലയങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയയിടളിലും വെള്ളക്കെട്ട് ഉണ്ടായി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, അമരാവതി, വെളി, ചെറളായി, ചുള്ളിക്കല്‍, മുണ്ടംവേലി, ആര്യക്കാട്, മരക്കടവ്, തോപ്പുംപടി എന്നിവിടങ്ങളിലെ 400-ല്‍ ഏറെ വീടുകളിലും വെള്ളം കയറി. മട്ടാഞ്ചേരി ബസാറിലെ ചില വ്യാപാരശാലകളും വെള്ളത്തിനടിയിലായി. കുവപ്പാടം ശാന്തിനഗര്‍ കോളനി രാമേശ്വരം കോളനി, ചെറളായി ടി.ഡി.ഉദ്യാനേശ്വരം ക്ഷേത്രം, കല്ലമ്പലം, വെളിമാരിയമ്മന് ക്ഷേത്രം, കുവപ്പാടം കാമാക്ഷിയമ്മന്‍ ക്ഷേത്രം, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം, കരുവേലിപ്പടി രമേശ്വരം ശിവക്ഷേത്രം, ആര്യക്കാട് ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളും കോച്ചേരി പള്ളി, അമരാവതി പള്ളി, ചുള്ളിക്കല്‍ ദേവാലയം, ഇസ്ലാമിക ആരാധനാലങ്ങളും വെള്ളക്കെട്ട് ദുരിതത്തിലായി.
റോഡുകള്‍ക്കൊപ്പം ഇടവഴികളും വെള്ളക്കെട്ടിലായതോടെ ഇരുചക്രവാഹനങ്ങള്‍ കേടാകുകയും ഓട്ടോ, കാര്‍ – സ്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: