കാക്കനാട്: പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് വിവാദം മറുകുന്നതിനിടെ സി.പി.എം തൃക്കാക്കര നഗരസഭ കൗണ്‍സിലറെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിയോഗിച്ച മൂന്നംഗം സമതി തെളിവെടുപ്പ് നടത്തിയാണ് നവോദയ വാര്‍ഡ് കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.കെ.പ്രദീപനെതിരെ നടപടിയെടുത്തത്.
നഗരസഭ നടപ്പിലാക്കുന്ന പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി പ്രദേശത്തെ ഭൂവുടമയ്ക്ക് വേണ്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമായതെന്നാണ് വിമര്‍ശനം.
ടൂറിസം പദ്ധതി പ്രദേശത്തേക്ക് വഴിക്കായി 40 സെന്റ് ഭൂവുടമയില്‍ നിന്ന് ഏറ്റെടുക്കുന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഭൂവുടമയില്‍ നിന്ന് ഏറ്റെടുക്കുന്ന ഒരു സെന്റിന് പകരം പദ്ധതി പ്രദേശത്ത് നിന്ന് മൂന്ന് സെന്റ് വിട്ടു നല്‍കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഭൂവുടമകള്‍ക്ക് നഷ്ടപ്പെടുന്ന ഓരോ സെന്റിനും മൂന്ന് സെന്റ് വീതം നല്‍കുന്നത് വഴി 1.20 ഏക്കര്‍ ഭൂഉടമയ്ക്ക് ലഭിക്കുന്ന നിര്‍ദേശം മുന്നോട്ട് വെച്ച സഥലം കൗണ്‍സിലര്‍ക്കെതിരെ ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഭൂവുടമയ്ക്ക് അനുകൂലമായി പദ്ധതി പ്രദേശത്ത് നിന്ന് സ്ഥലം വീട്ടു നല്‍കുന്നതിനായി ചരട് വലിച്ചത് സിപിഎം നേതാക്കളായിരുന്നു. എന്നാല്‍ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ 9 ഏക്കറില്‍ നിന്ന് ഭൂവുടമക്ക് 1.20 ഏക്കര്‍ വീട്ട് നല്കിയാല് പാട്ടക്കരക്കരാര് റദ്ദാക്കപ്പെടുമെന്ന് വ്യക്തമായതോടെ സ്ഥലം കണ്‍സിലറുടെ ചുമലില്‍ വെച്ച് റിയല്‍ എസ്റ്റേറ്റ് ലക്ഷ്യമിട്ട് ചരട് വലിച്ച നേതാക്കള്‍ തന്ത്രപൂര്‍വം തലയൂരുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ അജണ്ടയില്‍ ടൂറിസം പദ്ധതി ഉള്‍പ്പെടുത്തരുതെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി പാര്‍ട്ടി കൗണ്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിമതന് കൂടിയായ വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസ് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതോടെ നഗരസഭ കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പദ്ധതി പ്രദേശത്തേക്ക് ആവശ്യമായ വഴിക്കുള്ള സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ കലക്ടറോട് ആവശ്യപ്പെടാനായിരുന്നു നഗരസഭ തീരുമാനം. അതേസമയം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ചരട് വലിച്ചെന്ന് ആരോപിച്ചാണ് കൗണ്‍സിലറെ തരംതാഴ്ത്തിയതെന്നാണ് സി.പി.എം വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: