ഒറ്റപ്പാലം: ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തില്‍ ആരംഭിച്ച പുതിയ ഗതാഗത പരിഷ്ക്കരണം ആദ്യദിനം തന്നെ പാളി. നഗരത്തില്‍ സംസ്ഥാന പാതയില്‍ ഭാഗീകമായും സെന്‍ ഗുപ്ത റോഡില്‍ പൂര്‍ണ്ണമായും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയാണു ഗതാഗതക്രമീകരണ സമിതിയുടെ പുതിയപരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്.
നിലവില്‍ ടി.ബി.റോഡും കവലയും ഗതാഗതകുരുക്ക് രൂക്ഷമാണ്. പുതിയ പരിഷ്ക്കാരം കൂടിയായപ്പോള്‍ കൂനിന്മേല്കുരു എന്ന പോലെ ജനങ്ങള്‍ക്കു നടക്കുവാന്‍ പറ്റാത്ത സ്ഥിതിയിലായി. ടിബി റോഡ്, സെന്‍ ഗുപ്ത റോഡ്കവലകളില് മാത്രമാണു പുതിയ പരിഷ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനപാതയില്‍ കുളപ്പുള്ളി ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഒഴികെയുള്ള മറ്റ് വാഹനങ്ങള്‍ സെന്‍ ഗുപ്ത റോഡ്, ടി.ബിറോഡ് വഴി ടൗണിലെത്തണം. അതുപോലെ പാലക്കാടു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ടി.ബി റോഡ് കവല വഴി ചെര്‍പ്പുളശ്ശേരി റോഡിലേക്ക് പ്രവേശിക്കാനും,ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സെന്‍ ഗുപ്ത റോഡുവഴി പോകുവാനും അനുവദിക്കില്ല. ചെര്‍പ്പുളശ്ശേരി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ടി.ബി റോഡുവഴി ടൗണിലേക്കു പോകണം. മായന്നൂര്‍, അമ്പലപ്പാറ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്സിനു മുന്നില്‍ യാത്ര അവസാനിപ്പിക്കേണ്ടതാണ്.
എന്നാല്‍ ഈ തീരുമാനം സമിതിയുടെ പരിഗണനക്കു വിട്ടിരിക്കുകയാണ്. കൂടാതെസെന് ഗുപ്ത റോഡു മുതല്‍ ടി.ബി റോഡ് ജംഗ്ഷന് വരെ പാതയുടെ വശങ്ങളില് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗും നിരോധിച്ചു. സ്റ്റാന്റിനുളളില്‍ നിശ്ചിത സമയത്തുമാത്രമേ മടക്കയാത്രക്കുള്ള ബസുകള്‍ എത്തി യാത്രക്കാരെ കയറ്റാവുയെന്ന ക്രമീകരണ സമിതിയുടെ നിര്‍ദേശം പ്രതിഷേധത്തിനിടയാക്കി.
ഈസാഹചര്യത്തില്‍ ബോര്‍ഡിന്റെ വിഷയം പരിഗണനക്കായി വിട്ടു.നഗരത്തിലെ ടി.ബി.റോഡ് ജംഗ്ഷനിലെ ഗതാഗത കുരുക്കിനുശ്വാശതപരിഹാരം കണ്ടെത്താന്‍ കഴിയാത്തിടത്തോളം എത്ര പരിഷ്കാരങ്ങള്‍ നടപ്പാക്കിയാലും വിജയത്തിലെത്താന്‍ അധികൃതര്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ ഗതാഗത പരിഷ്ക്കാരം ജനങ്ങളെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുകയും ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിന് ഇടയാക്കുകയുംചെയ്തു.
ചെറിയ വണ്ടികളിലും ബൈക്കുകളിലും വന്ന് വ്യാപാര സ്ഥാപങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലേക്കാണു പുതിയ ട്രാഫിക് പരിഷ്ക്കാരം കൊണ്ടെത്തിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ടി.ബിറോഡ് പൂര്‍ണ്ണമായും ഗതാഗത കുരുക്കില്‍ അകപ്പെട്ടു. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 16ന് വീണ്ടും സമിതി യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: