മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴഡാമിന്റെ അറ്റകുറ്റപണികള്‍ വിലയിരുത്തുന്നതിന് ഡാം സേഫ്റ്റി ഓര്‍ഗനൈസിങ് കമ്മിറ്റി പരിശോധന നടത്തി.
ഡാമിനകത്ത് കിണര്‍ കോണ്‍ക്രീറ്റിട്ട് മൂടിയത് ഡാമിന്റെ സുരക്ഷിതത്വത്തെ ബാധിക്കില്ലെന്നും 90 സെന്റീമീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്നും പോകുന്ന പൈപ്പിന്റെ അകത്ത് വാള്വിലുള്ള ചോര്‍ച്ച ഇതുമൂലം നില്‍ക്കുമെന്നും, ഷട്ടറിന്റെ അറ്റകുറ്റ പണികള്‍ ഉടന്‍ നടക്കുമെന്നും ഇറിഗേഷന്‍ ഡിസൈനിംങ് റിസര്‍ച്ച് ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ എ.പി.ബാലന് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് അറ്റകുറ്റപണികള്‍ക്കുവേണ്ടി ഡാം തുറന്നുവിട്ടത്. എന്നാല്‍ മഴയുടെ ലഭ്യതകുറഞ്ഞതിനാല്‍ ഡാമില്‍ വെള്ളത്തിന്റെ തോത് കുറയുമെന്നതിന്റെ അടിസ്ഥാനത്തില്‍ 27ന് ഷട്ടര്‍ അടക്കുകയായിരുന്നു. ഇതുവരെ 40 ശതമാനത്തോളം പണിപൂര്‍ത്തിയായി. ബാക്കി അടുത്ത സീസണില്‍ തീര്‍ക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡാമിന്റെ അറ്റത്തുള്ള കിണര്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടിയത് സെന്റര്‍ വാട്ടര്‍ കമ്മീഷന്റെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരമാണ് അടച്ചതെന്ന് പറയുന്നത്.
എന്നാല്‍ അതിന് പ്രത്യേക ടെണ്ടര്‍ വിളിക്കുകയൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പൈപ്പ് വഴി അത്യാവശ്യഘട്ടങ്ങളില്‍ വെള്ളം കൊണ്ടുപോകുന്നതിനാണ് കിണര്‍ നിര്‍മ്മിച്ചിരുന്നത്. കിണര്‍ മൂടിയത് ശരിയാണോ എന്ന ചോദ്യത്തിന് ഡാം പണിയുന്ന കാലത്ത് വെള്ളം വാര്‍ന്നുപോകുവാന്‍ വേണ്ടി ഉള്ളതാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കേരളത്തിലെ 16-ഓളം ഡാമുകളില്‍ ഇത്തരം കിണറുകള്‍ ഇല്ല.
ഡാം ജോയിന്റ് ഡയറക്ടര്‍ ഷംസുദ്ദീന്, രമ, മെക്കാനിക്കല്‍ ചീഫ് എഞ്ചിനിയര്‍ ഷാജി, മെക്കാനിക്ക് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സിജോ എന്നിവരടങ്ങുന്ന 12 അംഗ സംഘമാണ് പരിശോധനക്ക് എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: