കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തില്‍ റോഡ് അറ്റകുറ്റ പണിക്ക് കൊണ്ടുവന്ന ലക്ഷകണക്കിന് രൂപയുടെ ടാര്‍ വീപ്പ പൊട്ടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഒഴുകി നശിക്കുന്നു. മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ മൂലം പ്രാദേശിക റോഡുകള്‍ തകര്‍ന്ന് യാത്ര ദുരിതപൂര്‍ണ്ണമാകുമ്പോള്‍ പഞ്ചായത്ത് ഓര്‍ഡര്‍ ചെയ്ത ടാറാണ് ഇത്തരത്തില്‍ നശിക്കുന്നത്.
ബോവിക്കാനത്തെ മൗലാന അബ്ദുള്‍ കലാം സ്റ്റേഡിയത്തിലാണ് ടാര്‍ മറിഞ്ഞ് പൊട്ടി ഒഴുകുന്നത്. ഇതു സ്റ്റേഡിയത്തിനു നാശമുണ്ടാക്കുന്നു. അതോടപ്പം സ്ക്കൂള് കുട്ടികളും, യുവാക്കളും കളിക്കുന്ന ഗ്രൗണ്ടില്‍ കളിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്തിനകത്ത് ടാറിംങ്ങും, റീ ടാറിംങ്ങുമായി ഏകദേശം ഒരു കോടി രൂപയുടെ പദ്ധതിയാണ് ബാക്കി യുള്ളത്.
പഞ്ചായത്തിലെ കോട്ടൂര്‍, ബെള്ളിപ്പാടി, കക്കോല്‍, ഓട്ടച്ചാല്, ഇരിയണ്ണി, പേരടുക്കം, ബാവിക്കര, മൂലടുക്കം, പൊവ്വല്‍, അമ്മംങ്കോട്, മല്ലം തുടങ്ങിയ 55 ഓളം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് കാല്‍നടയാത്ര പോലും കഴിയാത്ത നിലയിലാണ്. പഞ്ചായത്ത് ടാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ വൈകിയതാണ് ഈ ദുരാവസ്ഥക്ക് കാരണം. ഓര്‍ഡര്‍ ചെയ്ത ടാര്‍ കിട്ടിയത് മെയ് പകുതിയോടെയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തോക്ക് മാറ്റി. ടാര്‍ നശിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പഞ്ചായത്തെന്നു നാട്ടുകാര്‍ ആരോപിച്ചു. റോഡ് തകര്‍ന്നതു കാരണം പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ റോഡുകളിലെ ഗതാഗതം ദുരിത പൂര്‍ണ്ണമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: