കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രാദേശിക കോണ്‍ഗ്രസിനിടയില്‍ വിഭാഗീയത രൂക്ഷമായി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന ഡിസിസി പ്രസിഡന്റിന്റെ ഉത്തരവിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഇതോടെ ഒന്നര വര്‍ഷമായി കൊച്ചി നോര്‍ത്ത് ബ്ലോക്കില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളാണ് മറനീക്കി പുറത്തുവന്നത്.
കഴിഞ്ഞ 27ന് മന്ത്രി മാത്യു ടി തോമസ് പങ്കെടുത്ത ജലവിഭവ വകുപ്പിന്റെ പരിപാടിയില്‍ യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് നേതൃത്വം അറിയിച്ചെങ്കിലും ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അബ്ദുള്‍ ലത്തീഫും മറ്റ് അനുയായികളും പങ്കെടുക്കുകയായിരുന്നു. വികസന പദ്ധതികളെ രാഷ്ട്രിയമായി ചിത്രികരിക്കുന്നുവെന്ന് കാണിച്ചാണ് യുഡിഎഫ് ഉദ്ഘാടനം ബഹിഷ്കരിച്ചത്.
മുന്‍കൊച്ചി എംഎല്‍എ ഡൊമനിക് പ്രസന്റേഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗത്തില്‍ പങ്കെടുത്ത് പി കെ അബ്ദുല്‍ ലത്തീഫ് ഉന്നയിച്ചത്.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനാണ് അബ്ദുല്‍ ലത്തീഫിനെ പുറത്താക്കിയതെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ പുറത്താക്കിയ നടപടിക്കെതിരെ അബ്ദുല്‍ ലത്തീഫും മറ്റ് പ്രാദേശിക നേതാക്കളും വാര്‍ത്ത സമ്മേളനം നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഡൊമനിക് പ്രസന്റേഷനോട് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മുതിര്‍ന്ന നേതാക്കള്‍ മാറി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന നിര്‍ദേശം അവഗണിച്ച് മല്‍സരിച്ച ഡൊമനിക് പ്രസന്റേഷന് തോല്‍വി ഏറ്റുവാങ്ങി. തോല്‍വിയില്‍ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഡൊമനിക് പ്രസന്റേഷന് ആരോപിച്ചിരുന്നു.
ഈ വൈരാഗ്യമാണ് ഇപ്പോഴത്തെ സസ്പെന്ഷന് പിന്നിലെന്ന് പികെ അബ്ദുല്‍ ലത്തീഫ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
നാടിന് ഉപകാരപ്രദമായ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. വിഷയത്തില്‍ ഒരു അന്വേഷണം പോലും നടത്താതെ തന്നെ പുറത്താക്കുവാന്‍ ഡിസിഡി പ്രസിഡന്റിന് അവകാശമില്ലെന്നും ലത്തീഫ് പറയുന്നു.
വിഷയത്തെ നിയമപരമായി നേരിടുവാനാണ് ഉദേശിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ കെ ബി അഷറഫ്, സി ജി വേണുഗോപാല്‍, എന്‍ സത്യന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: