ഒറ്റപ്പാലം: നഗരത്തിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ കബളിപ്പിച്ച് 1.33 കോടി രൂപയുടെ തട്ടിയ കേസില്‍ തൃശൂര്‍ ചെറുതുരുത്തി ദിയ ഹൗസില്‍ രാഗേഷി(26)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്ന വിതരണ ഏജന്‍സി വാഗ്ദാനം ചെയ്ത് പലതവണകളായി പണം തട്ടിയെന്നാണ് കേസ്. ഒറ്റപ്പാലം ന്യൂ ബസാറിലെ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ടണര്‍ പലപ്പുറം സ്വദേശി ഇ.പി. സുനീഷിന്റെ പരാതിയിലാണ് രാഗേഷിനെ മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രമുഖ എയര്‍ കണ്ടീഷണര്‍ കമ്പനിയുടെ ഏരിയാ സെയില്‍സ് മാനേജര്‍ എന്ന നിലയിലാണ് ഒറ്റപ്പാലത്തെ സ്ഥാപനത്തില്‍ എത്തിയത്. സത്യസന്ധമായ ഇടപാടുകളിലൂടെ ഉടമകളുടെ വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. ശ്യാം ആനന്ദ് എന്നയാളെ ഇതേ കമ്പനിയുടെ സീനിയര്‍ മാനേജറാണേന്ന് പരിചയപ്പെടുത്തിയാണ് കമ്പനിയുടെ ഡീലര്‍ഷിപ്പ് ഏജന്‍സി വാഗ്ദാനം ചെയ്തത്.
വ്യാജ ഇമെയില്‍ ഐഡികള്‍ വഴി കത്തിടപാടുകളും നടത്തി. ഇതിനുശേഷം മറ്റു മൂന്നു കമ്പനികളുടെ ഡീലര്‍ഷിപ് തരപ്പെടുത്താമെന്നും വാഗ്ദാനം നല്കി. ഡീലര്‍ഷിപ്പുകള്‍ക്കായി കമ്പനികള്‍ക്ക് നല്‍കേണ്ട കരുതല്‍ നിക്ഷേപത്തിലേക്കും അഡ്വാന്‍സായും നല്‍കണമെന്ന് വിശ്വസിപ്പിച്ചാണ് പലതവണകളായി പണം തട്ടിയത്.
ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇടപാട്. രാഗേഷിനെ കൂടാതെ തട്ടിപ്പിന് കൂട്ടുനിന്നവരും കേസില്‍ പ്രതികളാണ്. രാഗേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം ജെഎഫ് സിഎം കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒറ്റപ്പാലം സിഐ പി.അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: